പത്തനംതിട്ട: മൈലപ്ര സർവ്വീസ് സഹകരണ ബാങ്കിൽ ക്രമക്കേട് നടത്തി സസ്‌പെൻഷനിലായ സെക്രട്ടറി, ജോഷ്വാ മാത്യുവിനെ അറസ്റ്റ് ചെയ്യുന്നത് മൂന്ന് ആഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ അതിനുശേഷം കോടതി പരിഗണിക്കും. 3 കോടി 94 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ സഹകരണ ബാങ്ക് സെക്രട്ടറിയെ, ഭരണ സമിതി കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
ബാങ്കിലെ സാമ്പത്തിക പ്രതിസന്ധികളുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നാണ് സഹകരണ വകുപ്പ് ഓഡിറ്റ് നടത്തിയത്. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിലാണ്, കോൺഗ്രസ് സർവീസ് സംഘടനാ നേതാവായ ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യു തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന ഗോതമ്പ് ഫാക്ടറിയിലെ മാനേജിംഗ് ഡയറക്ടർ കൂടിയായ ജോഷ്വാ, ഫാക്ടറിയുടെ പേരിൽ വ്യാജ രേഖകൾ ചമച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
റിസോര്‍ട്ട് നിര്‍മാണത്തിന്റെ മറവില്‍ വൈദ്യുതി മോഷണം: 24,980 രൂപ പിഴ ചുമത്തി
ഇക്കാര്യം ചൂണ്ടിക്കാട്ടി സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ പരാതി നൽകിയതിന് പിന്നാലെ, കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ഇതേത്തുടർന്നാണ്, ശനിയാഴ്ച ചേർന്ന ബാങ്ക് ഭരണസമിതി ജോഷ്വായെ സസ്പെൻഡ് ചെയ്തത്. അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസിലെ അറസ്റ്റ് മുന്നിൽ കണ്ട് ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം.
123 കോടിയിലേറെ രൂപയുടെ നിക്ഷേപമുള്ള മൈലപ്ര സഹകരണ ബാങ്കിന് 70 കോടിയിലേറെ രൂപയുടെ കടമുണ്ടെന്നാണ് ഭരണ സമിതി അംഗങ്ങള് നൽകുന്ന വിശദീകരണം. അതേസമയം, തുടരന്വേഷണത്തിൽ ബാങ്കുമായി ബന്ധപ്പെട്ട കൂടുതൽ ക്രമക്കേടുകൾ പുറത്ത് വരുമെന്നാണ് വിവരം.
Post Your Comments