മാഞ്ചസ്റ്റര്‍: സീസണിൽ മോശം ഫോമിൽ തുടരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പുതിയ പരിശീലകനായി എറിക് ടെന്‍ഹാഗിനെ നിയമിച്ചു. നിലവിൽ അയാക്സിന്‍റെ പരിശീലകനായ ടെൻഹാഗ് സീസണിനൊടുവിൽ ചുമതലയേൽക്കും. ഡച്ച് പരിശീലകനുമായി മൂന്ന് വര്‍ഷത്തേക്കാണ് യുണൈറ്റഡിന്‍റെ കരാര്‍. അലക്‌സ് ഫെർഗ്യൂസനൊപ്പം 2007 മുതൽ 2013 വരെ അസിസ്റ്റന്‍റ് കോച്ചായിരുന്ന റെനെ മ്യൂളൻസ്റ്റീൻ എറിക് ടെൻഹാഗിനൊപ്പം സഹപരിശീലകനായി എത്തിയേക്കും.
ഇടക്കാല പരിശീലകനായ റാൽഫ് റാഗ്നിക്ക് സീസണിനൊടുവിൽ സ്ഥാനമൊഴിയും. 2018 മുതൽ അയാക്സിന്‍റെ പരിശീലകനാണ് 52കാരനായ എറിക് ടെൻഹാഗ്. യുണൈറ്റഡ് പരിശീലകനാകുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നായിരുന്നു എറിക് ടെന്‍ഹാഗിന്‍റെ പ്രതികരണം.
മുൻപ് പ്രതിരോധ താരമായിരുന്ന ടെൻഹാഗ്, അയാക്സ് അടക്കം നാല് ക്ലബ്ബുകളെയാണ് പരിശീലിപ്പിച്ചത്. നെതർലൻഡ്സിലെ ഗോ എഹഡ് ഈഗിൾസ്, ബയേൺ മ്യൂണിക് യൂത്ത് ടീം, യുട്രക്റ്റ്, അയാക്സ് ക്ലബ്ബുകളെയാണ് ടെൻഹാഗ് പരിശീലിപ്പിച്ചത്. 2012ൽ ഗോ എഹഡ് ഈഗിൾസിനെ 17 വർഷത്തിന് ശേഷം ഒന്നാം ഡിവിഷനിലെത്തിച്ചിട്ടുണ്ട് എറിക് ടെൻഹാഗ്.
Read Also:- വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
നേരത്തെ, പിഎസ്‌ജി കോച്ച് പൊച്ചെട്ടിനോ, സ്പെയിൻ കോച്ച് ലൂയിസ് എൻറിക്കെ, സെവിയ്യയുടെ ലോപ്പെറ്റെഗി, ചെൽസിയുടെ തോമസ് ടുഷേൽ, ബയേൺ മ്യൂണിക്കിന്‍റെ ജൂലിയൻ നഗൽസ്‌മാൻ എന്നിവരുടെ പേരുകളൊക്കെ പരിഗണിച്ചിരുന്നെങ്കിലും എറിക് ടെൻഹാഗിന് ചുമതല നൽകാൻ ക്ലബ് തീരുമാനിക്കുകയായിരുന്നു.
Post Your Comments