ആലപ്പുഴ: ഇക്കഴിഞ്ഞ മാര്‍ച്ച് 26ന് കാണാതായ പതിനാറുകാരിയേയും സുഹൃത്തായ പതിനേഴുകാരനേയും കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു.
ആലപ്പുഴ എ.എന്‍ പുരം മണക്കപ്പറമ്പ് വീട്ടില്‍ ബിജുവിന്റെ മകള്‍ ലച്ചു എന്ന വിശ്വലക്ഷ്മി(16), വെള്ളക്കിണര്‍ ഇലഞ്ഞിപ്പറമ്പ് വീട്ടില്‍ ഷാജിയുടെ മകന്‍ അപ്പു എന്ന സഫറുദ്ദീന്‍(17) എന്നിവരാണ് കഴിഞ്ഞ മാസം വീടുവിട്ട് പോയത്. ഇരുവരേയും കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ആലപ്പുഴ സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍, കുട്ടികള്‍ എവിടെയാണ് എന്നത് സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഇരുവരും എവിടെയെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ലഭിക്കാതെ വന്നതോടെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും കുട്ടികളെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Read Also : രാജസ്ഥാനിൽ 300 വർഷം പഴക്കമുള്ള ശിവക്ഷേത്രം ബുൾഡോസർ കൊണ്ട് തകർത്തു: കനത്ത പ്രതിഷേധം
ഒരുമാസമായിട്ടും കുട്ടികളെ കണ്ടെത്താന്‍ കഴിയാത്തതില്‍ ഇരുവീട്ടുകാരും ആശങ്കയിലാണ്. പെണ്‍കുട്ടിയുടെ പിതാവ് ഇടതുപക്ഷ യൂണിയന്‍ നേതാവു കൂടിയായതിനാല്‍ മുകളില്‍ നിന്നും നല്ല സമ്മര്‍ദ്ദവും പൊലീസിനുണ്ട്.
ടി.ഡി സ്‌ക്കൂളിലെ പ്ലസ്ടു ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ വിശ്വലക്ഷ്മിയും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സഫറുദ്ദീനും സുഹൃത്തുക്കളായിരുന്നു. കാണാതാകുന്നതിന് രണ്ട് ദിവസം മുന്‍പ് ഇരുവരും സിനിമ കാണാന്‍ പോയ വിവരം വിശ്വലക്ഷ്മിയുടെ വീട്ടില്‍ അറിയുകയും മാതാപിതാക്കള്‍ വഴക്കു പറയുകയും ചെയ്തു. ഇതേ തുടര്‍ന്നാണ്, വിശ്വലക്ഷ്മിയും സഫറുദ്ദീനും നാടു വിട്ടതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പൊലീസ് അന്വേഷണത്തില്‍ ഇരുവരും എറണാകുളത്ത് എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തൊട്ടുപിന്നാലെ വിശ്വലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ എറണാകുളത്ത് വച്ച് പ്രവര്‍ത്തിച്ചതായും കണ്ടെത്തി. തുടര്‍ന്ന്, മാതാപിതാക്കളും പൊലീസും ഇവിടേയ്ക്ക് എത്തിയെങ്കിലും ഇരുവരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് യാതൊരു വിവരങ്ങളും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല.
കുട്ടികളെ കണ്ടെത്താനായി പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം തുടരുകയാണ്. കൂടാതെ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസിനും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇതിനിടയില്‍ ഇരുവരുടെയും ഫോട്ടോ ഉള്‍പ്പെടുത്തി കാണാനില്ല എന്ന് വിവിധ പത്രങ്ങളില്‍ പൊലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കി. പ്രായപൂര്‍ത്തിയല്ലാത്ത കുട്ടികളായതിനാല്‍ പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് ഫോട്ടോ പത്രങ്ങളില്‍ കൊടുത്തത്.
വിശ്വലക്ഷ്മിക്ക് 155 സെന്റിമീറ്റര്‍ ഉയരവും, വെളുത്ത നിറവും, മെലിഞ്ഞ ശരീര പ്രകൃതവും. സഫറുദ്ദീന് 178 സെന്റീമീറ്റര്‍ ഉയരവും വെളുത്ത നിറവും മെലിഞ്ഞ ശരീര പ്രകൃതവും കൂടാതെ മുടി നീട്ടി വളര്‍ത്തിയിട്ടുമുണ്ട് എന്ന് പൊലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസില്‍ പറയുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറെയോ വിവരം അറിയിക്കണം.
ഇന്‍സ്‌പെക്ടര്‍, ആലപ്പുഴ സൗത്ത് പൊലീസ് : 9497987059
ഡി.വൈ.എസ്പി, ആലപ്പുഴ : 9497990041
ജില്ലാ പൊലീസ് മേധാവി, ആലപ്പുഴ : 9497996982
Post Your Comments