ബംഗളൂരു: ഹിജാബ് വിവാദത്തിന് തുടക്കമിട്ട ആറ് വിദ്യാര്‍ത്ഥിനികള്‍ രണ്ടാം വര്‍ഷ പിയു പരീക്ഷകള്‍ ബഹിഷ്‌കരിച്ചേക്കും. പരീക്ഷയുടെ തലേദിവസവും വിദ്യാര്‍ത്ഥിനികള്‍ ഹാള്‍ടിക്കറ്റ് കൈപ്പറ്റാതിരുന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത്. വെള്ളിയാഴ്ച മുതലാണ് സംസ്ഥാനത്ത് രണ്ടാം വര്‍ഷ പിയു പരീക്ഷകള്‍ ആരംഭിക്കുന്നത്.
Read Also : ശ്രീനിവാസൻ വധം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
ഉഡുപ്പിയിലെ പിയു കോളേജ് വിദ്യാര്‍ത്ഥിനികളായ അല്‍മാസ് എ.എച്ച്, ഹസ്ര ഷിഫ, ആലിയ ആസാദി, ആലിയ ബാനു, റെഷാം എന്നീ വിദ്യാര്‍ത്ഥികളാണ് ഹിജാബ് ധരിച്ച് ക്ലാസില്‍ ഇരിക്കണമെന്ന ആവശ്യം ആദ്യം ഉയര്‍ത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ്, വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ എഴുതേണ്ടെന്ന തീരുമാനത്തില്‍ എത്തിയിരിക്കുന്നത്.
പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇവര്‍ ഹിജാബ് ധരിച്ച് പരീക്ഷ എഴുതണമെന്ന് പ്രിന്‍സിപ്പാളിനോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം. എന്നാല്‍, കോളേജ് അധികൃതര്‍ ഇത് നിഷേധിച്ചു. ഇതോടെയാണ് വിദ്യാര്‍ത്ഥിനികള്‍ ഹാള്‍ടിക്കറ്റ് കൈപ്പറ്റാതിരുന്നതെന്നാണ് വിവരം. ഇവര്‍ക്ക് പുറമേ കോളേജിലെ സയന്‍സ് വിഭാഗം വിദ്യാര്‍ത്ഥിനിയായ ബീബി ആയിഷയും ഹാള്‍ടിക്കറ്റ് കൈപ്പറ്റിയിട്ടില്ല.
അതേസമയം, രാവിലെ എത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഹാള്‍ടിക്കറ്റ് നല്‍കുന്നതില്‍ തടസമില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.
Post Your Comments