തിയറ്ററുകളിൽ നിറഞ്ഞ കൈയ്യടികളുമായി കെ.ജി.എഫ് 2 മുന്നേറുകയാണ്. റിലീസ് ദിവസം മുതൽ വൻ സിനിമകളെയും പിന്നിലാക്കിയായിരുന്നു ബോക്സ് ഓഫീസിൽ യാഷ് ചിത്രത്തിന്റെ തേരോട്ടം. ഏഴ് ദിവസം കൊണ്ട് 700 കോടിയാണ് ചിത്രം നേടിയത്. ഓരോ ദിവസം കഴിയുന്തോറും റെക്കോർഡുകൾ ഭേദിക്കുകയാണ് ചിത്രം. ചിത്രത്തിലെ അഭിനേതാക്കളേക്കുറിച്ചും അണിയറ പ്രവര്‍ത്തകരേക്കുറിച്ചുമുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. സംവിധായകൻ പ്രശാന്ത് നീലിന്റെ അസാധാരണ യാത്രയുടെ കഥയും, യാഷിന്റെ കരിയർ ജീവിതവുമെല്ലാം ആരാധകർ ചർച്ചയാക്കുകയാണ്. യാഷിന്റെ വ്യക്തി ജീവിതത്തേക്കുറിച്ചുള്ള അന്വേഷണങ്ങള്‍ തുടരുന്നതിനിടെ നടന്റെ രാഷ്ട്രീയ അനുഭാവവും ചര്‍ച്ചയാകുകയാണ്.
കര്‍ണാടക നിയമസഭയിലേക്ക് 2018ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രചരണ രംഗത്ത് സജീവമായിരുന്ന യാഷിന്റെ അന്നത്തെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. യാഷ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം കാറിന് മുകളില്‍ നില്‍ക്കുന്ന ചിത്രം ചൂണ്ടി നടന്‍ ബി.ജെ.പിക്കാരനാണെന്ന് പറയുന്നവരുണ്ട്. യാഷ് കോൺഗ്രസ് ആണെന്നും അവകാശപ്പെടുന്നുണ്ട്. എന്നാൽ, തന്റെ രാഷ്ട്രീയ താൽപ്പര്യം എന്താണെന്നും എന്തുകൊണ്ടാണ് ബി.ജെ.പി അടക്കമുള്ള പാർട്ടികൾക്ക് വേണ്ടി പ്രചരണത്തിൽ ഇറങ്ങിയതെന്നും വ്യക്തമാക്കുകയാണ് യാഷ്.
കര്‍ണാടക നിയമസഭയിലേക്ക് 2018ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ജെഡി(എസ്), ബി.ജെ.പി എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി യാഷ് വോട്ട് ചോദിച്ചിറങ്ങിയിരുന്നു. ഇവർക്കായി നിരവധി ഗ്രാമങ്ങളിൽ അദ്ദേഹം റോഡ് ഷോ നടത്തി. കോണ്‍ഗ്രസിനും ജെ.ഡി.എസിനും ബി.ജെ.പിക്കും വേണ്ടി പ്രചാരണത്തിനിറങ്ങിയതോടെ ശരിക്കും നിങ്ങളേതാണ് പാര്‍ട്ടിയെന്ന് യാഷിനോട് മാധ്യമപ്രവർത്തകർ തിരക്കി. അന്ന് യാഷ് നൽകിയ മറുപടി അദ്ദേഹത്തിന്റെ ആരാധകർ ഏറ്റെടുത്തിരുന്നു. താന്‍ ഒരു പാര്‍ട്ടിയുടേയും ഒപ്പമല്ലെന്നായിരുന്നു നടന്റെ വെളിപ്പെടുത്തൽ.
‘വിവിധ നേതാക്കള്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്നത് തെറ്റാണെന്നോ അതുവഴി വോട്ടര്‍മാര്‍ക്ക് തെറ്റായ ധാരണ നല്‍കുന്നതായോ ഞാന്‍ കരുതുന്നില്ല. ജോലി ചെയ്തുവെന്ന് എനിക്ക് തോന്നുന്ന നേതാക്കള്‍ക്കുവേണ്ടിയാണ് ഞാന്‍ പ്രചാരണം നടത്തുന്നത്. എന്നെ സംബന്ധിച്ചിടത്തോളം നല്ല സ്ഥാനാര്‍ത്ഥികളും വികസനത്തില്‍ പ്രതിബദ്ധതയുള്ളവരുമാണ് വലുത്.പ്രത്യയ ശാസ്ത്രത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയത്തേക്കാള്‍, ഞാന്‍ പ്രധാന്യം കല്‍പ്പിക്കുന്നത് വ്യക്തികള്‍ക്കും മാനവികതയ്ക്കുമാണ്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലെ നിലവാരമുയര്‍ത്താന്‍ ശ്രദ്ധയൂന്നുന്ന ഒരു നേതാവാണ് കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകേണ്ടത്. ഏറ്റവും വലിയ ഒറ്റ കക്ഷി കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കണം. തൂക്ക് സര്‍ക്കാര്‍ നമുക്ക് വേണ്ട’, യാഷ് പറഞ്ഞു.
Post Your Comments