Latest NewsNewsIndia

തുടർച്ചയായ ട്രാഫിക്ക് സിഗ്നൽ ബാറ്ററി മോഷണം : വെട്ടിലായി പോലീസ്

 

ബെംഗളൂരു: ബെംഗളൂരു നഗര ഹൃദയത്തിലെ ഒരു ട്രാഫിക് സിഗ്നൽ ബാറ്ററി കൂടി മോഷണം പോയി. കർണാടകയിലെ ബസവേശ്വര സർക്കിളിൽ സ്ഥാപിച്ചിരുന്ന ട്രാഫിക്ക് സിഗ്നലിൻറെ ബാറ്ററിയാണ് വീണ്ടും മോഷ്ടിച്ചത്. 7,000 രൂപയോളം വിലയുള്ള ബാറ്ററികളാണ് മോഷണം പോയത്.

ബസവേശ്വര മേഖലയിൽ രാവിലെ ഡ്യൂട്ടിയിൽ നിൽക്കുമ്പോൾ,  സിഗ്നൽ ലൈറ്റുകൾ അണഞ്ഞുകിടക്കുന്നത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.  ഉടൻ  മോഷണവിവരം ട്രാഫിക് മാനേജ്‌മെന്റ് സെന്ററിലെ കൺട്രോൾ റൂമിൽ അറിയിക്കുകയും ചെയ്തു. തുടർന്ന്  പരിശോധന നടത്തിയപ്പോഴാണ് ബാറ്ററികൾ മോഷണം പോയ വിവരം സ്ഥിരീകരിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

നേരത്തെ, നഗരത്തിലെ സിഗ്നലുകളിൽ നിന്ന് ബാറ്ററികൾ മോഷ്ടിച്ച കേസുകളിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏകദേശം 230-ഓളം ബാറ്ററികളാണ് ഇവരുടെ കൈയിൽ നിന്ന് പോലീസ് കണ്ടെടുത്തത്.

ട്രാഫിക് സിഗ്നലുകളിൽ നിന്ന് ബാറ്ററി മോഷ്ടിച്ച് കൊണ്ടിരുന്ന മോഷ്ടാക്കളെ ഒടുവിൽ സിറ്റി പോലീസ് പിടികൂടി. കർണാടക സ്വദേശികളായ ദമ്പതികളാണ് പ്രതികൾ. 2021 ജൂണിനും 2022 ജനുവരിക്കും ഇടയിൽ നഗരത്തിലുടനീളമുള്ള 68 ട്രാഫിക് ജംഗ്ഷനുകളിൽ നിന്നായി 230 -ലധികം ബാറ്ററികളാണ് അവർ മോഷ്ടിച്ചത്.

സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന ബാറ്ററികളാണ് മോഷണം പോയത്. ഓരോന്നിനും 18 കിലോഗ്രാം ഭാരമുണ്ട്. ചിക്കബാനാവര സ്വദേശികളായ മുപ്പതുകാരനായ എസ് സിക്കന്ദറും, ഭാര്യ ഇരുപത്തിയൊൻപതുകാരിയായ നസ്മ സിക്കന്ദറുമാണ് അ‌റസ്റ്റിലായത്. മോഷ്ടിച്ച ബാറ്ററികൾ കിലോഗ്രാമിന് 100 രൂപ നിരക്കിൽ അവർ വിൽക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾ തങ്ങളുടെ സ്‌കൂട്ടറിൽ പുലർച്ചെ ട്രാഫിക് ജംഗ്‌ഷനുകളിൽ എത്തി ട്രാഫിക് സിഗ്നലിന്റെ ബാറ്ററികൾ മോഷ്ടിക്കുമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ബാറ്ററികൾ മോഷ്ടിക്കപ്പെടുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കിയത്.

നഗരത്തിന് ചുറ്റുമുള്ള ട്രാഫിക് ലൈറ്റുകളിൽ നിന്ന് വലിയ രീതിയിൽ ബാറ്ററികൾ മോഷണം പോകുന്നത് പതിവായതോടെയാണ് പോലീസ് ഇതിനെ സംബന്ധിച്ച് അ‌ന്വേഷണം ഊർജിതമാക്കിയത്. എന്നാൽ, പ്രതികൾ പിടിയിലായതിന് ശേഷവും ഇത്തരത്തിൽ മോഷണം ആവർത്തിച്ചപ്പോൾ കുഴപ്പത്തിലായിരിക്കുകയാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button