തിരുവനന്തപുരം: സി.പി.ഐ.എം കണ്ണൂര്‍ ഘടകത്തെ ഞെട്ടിച്ച വിഷയമായിരുന്നു പി. ശശിക്കെതിരായ ലൈംഗിക പീഡന പരാതി. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണ് പി. ശശി സദാചാര ലംഘന ആരോപണങ്ങളെത്തുടര്‍ന്ന് പാർട്ടിക്ക് പുറത്തായത്. 2016 ൽ, ലൈംഗിക പീഡന കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതോടെ പാർട്ടി അദ്ദേഹത്തെ തിരിച്ചെടുത്തു. 2019 മാര്‍ച്ചില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയ പി ശശി വീണ്ടും ശക്തനായ നേതാവാകുകയായിരുന്നു. കഴിഞ്ഞ ദിവസം, അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കുന്നത് സംബന്ധിച്ച് എതിർപ്പുണ്ടായിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
വിഷയത്തിൽ അഭിപ്രായഭിന്നതയുണ്ടായെന്ന വാർത്ത തളളി ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ രംഗത്ത്. പി ശശിക്ക് പാർട്ടിക്കകത്ത് ഒരു അയോഗ്യതയുമില്ലെന്നും അദ്ദേഹത്തെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാനുളള പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തെ എല്ലാവരും ഐക്യകണ്ഠമായാണ് സ്വീകരിച്ചതെന്നും ജയരാജൻ വ്യക്തമാക്കി. ഈ കാര്യത്തിൽ ഉയർന്നു വരുന്ന വിവാദങ്ങളില്‍ കഴമ്പില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു.
‘ഒരിക്കല്‍ പുറത്താക്കി എന്നത് കൊണ്ട് ആജീവനാന്തം വിലക്കേര്‍പ്പെടുത്തണമെന്നില്ല. എല്ലാ മനുഷ്യര്‍ക്ക് തെറ്റ് പറ്റും. തെറ്റ് പറ്റാത്തവരായി ആരുമില്ല, ജീവിതത്തിൽ നല്ല കാര്യങ്ങൾ ചെയ്യവെ ചെറിയ പിശകുകളും സംഭവിച്ചേക്കാം. അച്ചടക്ക നടപടി ഒരാളെ നശിപ്പിക്കാനല്ല അത് തെറ്റ് തിരുത്താനുളള അവസരമാണെന്നും’ ജയരാജൻ വ്യക്തമാക്കി. പി ശശിയുടെ നിയമനത്തെ എതിര്‍ത്ത് പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും പി ശശി മുന്‍പ് ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
Post Your Comments