കൽപറ്റ: കടബാധ്യതയെ തുടർന്ന് വീണ്ടും കർഷകാത്മഹത്യ. വയനാട്ടിലാണ് യുവ കർഷകൻ ആത്മഹത്യ ചെയ്തത്. തിരുനെല്ലി പഞ്ചായത്ത് കോട്ടിയൂരിലെ കെ.വി. രാജേഷാണ് (35) ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി വീട്ടിൽനിന്നു ഇറങ്ങിപ്പോയ രാജേഷിനെ വീട്ടുകാരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല.
ബുധനാഴ്ച്ചയോടെ കൊട്ടിയൂർ ബസ് സ്റ്റോപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൃഷി ആവശ്യത്തിനായി ബാങ്കുകളിൽ നിന്നും അയൽകൂട്ടങ്ങളിൽ നിന്നും സ്വകാര്യ വ്യക്തിയിൽ നിന്നും രാജേഷ് വായ്പ വാങ്ങിയിരുന്നു. എന്നാൽ, കൃഷി നശിച്ചതോടെ ഭീമമായ തുക നഷ്ടം വന്നു. സ്വന്തം പേരിലുള്ള സ്ഥലത്തിൻറെ രേഖ പണയം വെച്ച് കേരള ബാങ്കിൽ നിന്നു 90,000 രൂപയും സ്വർണം പണയം വെച്ച് 60,000 രൂപയും വായ്പ എടുത്താണ് കൃഷി നടത്തിയത്.
കഴിഞ്ഞ വർഷം വാഴ കൃഷി ചെയ്തെങ്കിലും കാട്ടാനകൂട്ടം പതിവായി കൃഷി നശിപ്പിച്ചു. ഇതോടെ, രാജേഷിന് വൻ സാമ്പത്തിക നഷ്ടമുണ്ടായി. പിന്നീട് ചെയ്ത നെൽക്കൃഷിയും കാട്ടാനയുടെ ആക്രമണത്തിൽ ഇല്ലാതാകുകയായിരുന്നു. ഇതോടെ, വലിയ നിരാശയിലായിരുന്നു രാജേഷെന്ന് വീട്ടുകാർ പറഞ്ഞു.
കൃഷി നാശം സംഭവിച്ചിട്ടും വനം വകുപ്പോ, കൃഷി വകുപ്പോ മറ്റ് വകുപ്പുകളോ യാതൊരുവിധ ധനസഹായവും രാജേഷിനോ കുടുംബത്തിനോ നൽകിയിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
Post Your Comments