നാസ: 2022 ജനുവരി മുതല്‍ സൂര്യനില്‍ ചില അസാധാരണ മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണ്. 2025 വരെ സൂര്യനിലെ ഈ പ്രതിഭാസം തുടരുമെന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂര്യനിലെ ഈ മാറ്റങ്ങള്‍ ഭൂമിയേയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. കൊറോണല്‍ മാസ് ഇജക്ഷനും സൗര കാറ്റുമെല്ലാം ദിനംപ്രതിയെന്നോണം സൂര്യനില്‍ നിന്നും ഭൂമിയിലേക്ക് എത്തുന്നുണ്ട്. യുഎസ് നാഷണല്‍ ഓഷ്യാനിക് ആ അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനിലെ, സ്പേസ് വെതര്‍ പ്രഡിക്ഷന്‍ സെന്ററും ബ്രിട്ടീഷ് കാലാവസ്ഥാ നിരീക്ഷണ വിഭാഗവും വരും ദിവസങ്ങള്‍ കൂടുതല്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ശക്തമായ സൗരക്കാറ്റ് കാരണം ഓസ്ട്രേലിയയിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും റേഡിയോ വിനിമയങ്ങള്‍ തകരാറിലായി എന്നാണ്. ഏറെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണിത്. സൂര്യനിലെ മാറ്റങ്ങള്‍ കാരണം ആശയവിനിമയ, മറ്റു ഇലക്ട്രോണിക് സംവിധാനങ്ങള്‍ നിശ്ചലമായാല്‍ ഭൂമിയിലുള്ളവര്‍ക്ക് വന്‍ തിരിച്ചടിയാകും.
കഴിഞ്ഞ മാസവും ലെവല്‍ അഞ്ച് വരെ പോയ സൗരക്കാറ്റുകള്‍ ഭൂമിയിലേക്ക് എത്തിയിട്ടുണ്ട്. ഹൈ ഫ്രീക്വന്‍സി റേഡിയോ സിഗ്നലുകളിലും മറ്റും ഇവ മൂലം കുഴപ്പങ്ങള്‍ നേരിടുകയും അതിനെതിരെ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി വിതരണ ശൃംഖലകളിലും ഇത്തരം സൗരക്കാറ്റുകള്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
30 മെഗാഹെട്സില്‍ താഴെയുള്ള റേഡിയോ വിനിമയങ്ങളാണ് ഇപ്പോള്‍ തകരാറിലായിയിരിക്കുന്നത്. ഈ പ്രതിഭാസം 2025 വരെ ശക്തമായി തുടരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ധ്രുവപ്രദേശങ്ങളുടെ അന്തരീക്ഷത്തില്‍ കാണപ്പെടുന്ന ഓറ ഓസ്ട്രേലിസിനും ഓറ ബൊറേലിസിനും സൂര്യനിലെ താപവ്യതിയാനങ്ങള് മാറ്റങ്ങളുണ്ടാക്കാറുണ്ട്.
സൂര്യന്റെ ഏറ്റവും പുറംപാളിയായ കൊറോണയില്‍ ഊര്‍ജ സ്ഫോടനങ്ങളുണ്ടാവുന്നതാണ് കൊറോണല്‍ മാസ് ഇജക്ഷന് അഥവാ സിഎംഇകള്‍ക്ക് കാരണം. സൂര്യനിലെ കൊറോണയില്‍ താരതമ്യേന തണുത്ത ഭാഗങ്ങളുമുണ്ടാവാറുണ്ട്. സൂര്യന്റെ അന്തരീക്ഷത്തിലെ ഇത്തരം തണുത്ത കുമിളകളാണ് സൗരക്കാറ്റുകള്‍ക്ക് തുടക്കമിടാറ്. ഇത്തരം കൊറോണയിലെ കുമിളകള്‍ ഭൂമിയുടെ ദിശയിലേക്കാണുള്ളതെങ്കില്‍ സൗരക്കാറ്റ് ഭൂമിയിലെത്തുകയും ചെയ്യും. ഇനിയുള്ള വര്‍ഷങ്ങളില്‍ സൂര്യനില്‍ നിന്നും കൂടുതല്‍ ചൂട് ഭൂമിയിലെത്തുമെന്നതിന്റെ മുന്നറിയിപ്പ് കൂടിയാണിത്.
Post Your Comments