മുംബൈ: തിരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപി എന്തും ചെയ്യുമെന്ന് വിമർശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അതിനുവേണ്ടി മതപരമായ ഭിന്നിപ്പുണ്ടാക്കി രാജ്യത്തെ തകർക്കാൻ പോലും തയ്യാറാകുമെന്നും, മധ്യപ്രദേശിലെ ഖാര്‍ഗോണിലെ സംഭവവികാസങ്ങളില്‍ ശ്രീരാമന്‍ പോലും അസ്വസ്ഥനാകുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വാട്‌സ്ആപ്പില്‍ വരുന്നത് വലിയ മാറ്റങ്ങള്‍
‘ആരെങ്കിലും തെരഞ്ഞെടുപ്പ് വിജയിക്കാന്‍ മതമൗലികവാദത്തിന്റെ തീ ആളിക്കത്തിക്കാനും സമാധാനം തകര്‍ക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ രണ്ടാം വിഭജനത്തിന്റെ വിത്ത് പാകുകയാണ്. ഏപ്രില്‍ 10 ന് രാമനവമി ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ നല്ല ലക്ഷണമല്ല’, റാവത് പറഞ്ഞു.
‘നേരത്തെ, രാമനവമി ഘോഷയാത്രകള്‍ സംസ്‌കാരത്തെയും മതത്തെയും കുറിച്ചുള്ളതായിരുന്നു. എന്നാല്‍, ഇപ്പോള്‍ വാളുകള്‍ വീശുകയും സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. പള്ളികള്‍ക്ക് പുറത്ത് ബഹളം സൃഷ്ടിച്ചു, ഇത് അക്രമത്തില്‍ കലാശിച്ചു. രാമക്ഷേത്ര പ്രസ്ഥാനം പാതിവഴിയില്‍ ഉപേക്ഷിച്ചവര്‍ ഇപ്പോള്‍ രാമന്റെ പേരില്‍ വാളുകള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ്. ഇതിനെ ഹിന്ദുത്വ എന്ന് വിളിക്കാനാകില്ല. രാമന്റെ പേരില്‍ വര്‍ഗീയ തീ ആളിക്കത്തിക്കുന്നത് രാമന്റെ ആശയത്തെ അവഹേളിക്കുന്നതിന് തുല്യമാണ്’, അദ്ദേഹം ആരോപിച്ചു.
‘പ്രധാനമന്ത്രി മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ രാമനവമി ഘോഷയാത്രയ്ക്ക് നേരെ മുസ്ലീങ്ങള്‍ കല്ലെറിയുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ? മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ ബിജെപിയുടെ അജണ്ട നടപ്പാക്കുകയാണ്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ വഴിയൊരുക്കുന്നതിന് മഹാരാഷ്ട്രയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് അദ്ദേഹത്തിന്റെ അജണ്ട’, റാവത് ചൂണ്ടിക്കാട്ടി.
Post Your Comments