
ഷിംല: ഹിമാചൽ പ്രദേശിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ ഇനി മുതൽ ശ്ലോകങ്ങൾ ചൊല്ലും. പാഠ്യപദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം. ഭഗവത് ഗീതയടക്കമുള്ള കാര്യങ്ങള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്താനാണ് ഹിമാചല്‍ പ്രദേശ് സ്‌കൂള്‍ എഡ്യുക്കേഷന്‍ ബോര്‍ഡ് (എച്ച്.പി.എസ്.ഇ.ബി) ഒരുങ്ങുന്നത്. ഇതോടെ, വിദ്യാഭ്യാസത്തെ ‘കാവിവൽക്കരിക്കാനുള്ള’ ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന ആരോപണവുമായി വിമർശകർ രംഗത്തുണ്ട്.
പുതിയ പാഠ്യപദ്ധതി ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികളെ സംസ്‌കൃതവും ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേദഗണിതവും (വേദിക് മാത്തമാറ്റിക്‌സ്) പഠിപ്പിക്കാനാണ് എച്ച്.പി.എസ്.ഇ.ബി ഒരുങ്ങുന്നത്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ഭഗവത് ഗീത ഒരു വിഷയമായി പഠിക്കണമെന്നും എച്ച്.പി.എസ്.ഇ.ബി നിഷ്‌കര്‍ഷിക്കുന്നുണ്ട്. സയന്‍സ് അടക്കമുള്ള സ്ട്രീമുകളിലെ വിദ്യാര്‍ത്ഥികളാണ് ഭഗവത് ഗീത പഠിക്കേണ്ടി വരുന്നത്.
എന്നാല്‍, എച്ച്.പി.എസ്.ഇ.ബിയുടെ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ഇംഗ്ലീഷ്, ഗണിതശാസ്ത്രം, ശാസ്ത്രം എന്നിവയിലെ അറിവിന്റെ അടിത്തറയിൽ അധിഷ്ഠിതമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനുപകരം, ചെറുപ്പത്തിൽ തന്നെ വിദ്യാർത്ഥികളുടെ മനസ്സുകളെ കാവിവൽക്കരിക്കാനുള്ള ശ്രമം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മൂല്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് താക്കൂർ പറഞ്ഞു. വിദ്യാർത്ഥികളെ അവരുടെ സംസ്കാരത്തെക്കുറിച്ച് ബോധവാന്മാരാക്കുകയാണ് ലക്ഷ്യമെന്നാണ് അദ്ദേഹം പറയുന്നത്. ‘സ്‌കൂളുകളില്‍ ഹിന്ദിയിലും സംസ്‌കൃതത്തിലും ഭഗവത് ഗീത പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വൊക്കാബുലറി, സാഹിത്യം മറ്റുമൂല്യങ്ങള്‍ എന്നിവയാല്‍ സമ്പന്നമായതിനാല്‍ മൂന്നാം ക്ലാസ് മുതല്‍ തന്നെ സംസ്‌കൃതവും പഠിപ്പിക്കും,’ താക്കൂര്‍ പറയുന്നു.
Post Your Comments