
കോഴിക്കോട്: പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിന്റെ കൊലപാതകത്തിൽ ആര്‍എസ്എസിനെതിരെ ആരോപണവുമായി പോപ്പുലർ ഫ്രണ്ട് രംഗത്ത്. കൊലപാതകം ആസൂത്രിതമാണെന്നും നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്നും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ ആരോപിച്ചു. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകവെ കാറിലെത്തിയ ആര്‍എസ്എസ് അക്രമികള്‍ ബൈക്ക് ഇടിച്ചുവീഴ്ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പാലക്കാട് ജില്ലയില്‍ ഉള്‍പ്പടെ കേരളത്തിലുടനീളം അടുത്തിടെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മുസ്ലിം സമുദായത്തിന് നേരെ കൊലവിളി പ്രകടനങ്ങള്‍ നടന്നിരുന്നുവെന്നും കഴിഞ്ഞദിവസങ്ങളില്‍, രാമനവമി ആഘോഷങ്ങളുടെ മറവിലും രാജ്യത്തുടനീളം വലിയതോതില്‍ മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ച് വ്യാപക ആക്രമണങ്ങളാണ് ആര്‍എസ്എസ് നടത്തിയതെന്നും മുഹമ്മദ് ബഷീര്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് പാലക്കാട് ജില്ലയില്‍ സുബൈറിനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഉത്തരേന്ത്യയില്‍ രാമനവമി ആഘോഷങ്ങളുടെ മറവില്‍ കലാപം നടത്തിയ ആര്‍എസ്എസ് വിഷു ആഘോഷങ്ങളുടെ മറവില്‍ കേരളത്തിലും പള്ളിയില്‍ നിന്നിറങ്ങുന്ന ആളുകളെ ആക്രമിച്ച് കലാപത്തിനാണ് ശ്രമിക്കുന്നത്. ആര്‍എസ്എസ് ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം’ സിപി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments