മോസ്‌കോ: റഷ്യയും ഉക്രൈനും തമ്മിൽ നടക്കുന്ന യുദ്ധം വിചാരിച്ചതിലും അധികം നീണ്ടു പോവുകയാണ്. ഇതിൽ അന്തിമ വിജയം ആർക്കായിരിക്കുമെന്ന് പറയാൻ സാധിക്കില്ല.
റഷ്യ വളരെ വലിയ സൈനികശക്തിയാണെങ്കിലും, ആവുന്ന വിധം ഉക്രൈൻ സൈനികരും ജനതയും പിടിച്ചുനിൽക്കുന്നുണ്ട്. തോളിൽ വച്ച് വിക്ഷേപിക്കാവുന്ന അസംഖ്യം റോക്കറ്റ് ലോഞ്ചറുകൾ വിദേശ രാഷ്ട്രങ്ങൾ ഉക്രൈന് വിതരണം ചെയ്തിട്ടുണ്ട്. ഹെലികോപ്റ്ററുകളും വിമാനങ്ങളും ഇതുപയോഗിച്ച് ഉക്രൈൻ പോരാളികൾ വെടിവെച്ചിടുന്നതാണ് റഷ്യക്ക് വലിയ തലവേദന സൃഷ്ടിക്കുന്നത്.
അമേരിക്കയും ബ്രിട്ടനും പോളണ്ടും അടക്കം നിരവധി നാറ്റോ രാഷ്ട്രങ്ങൾ ഉക്രൈന് പടക്കോപ്പുകൾ നൽകുന്നുണ്ട്. അമേരിക്കൻ ആയുധങ്ങൾ നൽകുന്നതിന് പിന്നിൽ രാജ്യതാൽപര്യങ്ങൾ കൂടിയുണ്ട്. കാരണം, പുടിൻ അധിനിവേശം ഉക്രൈനിൽ നിർത്തില്ല എന്ന് യുഎസ് ഭയക്കുന്നുണ്ട്. ഇതിനെ ശരിവയ്ക്കും വിധം, സ്വീഡൻ ഫിൻലാൻഡ് എന്നീ രാഷ്ട്രങ്ങളെ നാറ്റോ അംഗത്വം എടുക്കുന്നതിൽ നിന്നും റഷ്യ വിലക്കിഴിഞ്ഞു. പ്രകോപിപ്പിച്ചാൽ ആണവ മിസൈലുകൾ വിന്യസിക്കുമെന്നും റഷ്യ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു വശമുണ്ട്. റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ഏറ്റവുമധികം ലാഭമുണ്ടാക്കുന്നത് പടിഞ്ഞാറൻ രാഷ്ട്രങ്ങളിലെ ആയുധനിർമ്മാണ കമ്പനികളാണ്. എൻ.എൽ.എ.ഡബ്ലിയു അഥവാ, നെക്സ്റ്റ് ജനറേഷൻ ലൈറ്റ് ആന്റി ടാങ്ക് വെപ്പൺ എന്നറിയപ്പെടുന്ന മിസൈലുകളാണ് ഉക്രൈന്റെ പ്രധാന ആയുധം. ഇംഗ്ലണ്ട്, സ്വീഡൻ എന്നീ രാഷ്ട്രങ്ങളാണ് പ്രധാനമായും ഇവ നിർമ്മിക്കുന്നത്.
ഇവയ്ക്ക് തത്തുല്യമായ ജാവലിൻ മിസൈലുകൾ അമേരിക്കയും ഉക്രയിന് നൽകുന്നുണ്ട്. താരതമ്യേന ചിലവ് കുറഞ്ഞ ഈ മിസൈലുകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപ മൂല്യമുള്ള റഷ്യൻ സൈനിക ഹെലികോപ്റ്ററുകളാണ് ഉക്രൈൻ വെടിവെച്ച് തകർക്കുന്നത്.
റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷം, ഏതാണ്ട് 2.4 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ആയുധങ്ങൾ അമേരിക്ക ഉക്രൈന് നൽകിയിട്ടുണ്ട്. 155 എം. എം ഹൊവിറ്റ്സറുകൾ, സ്വിച്ചബിൾ ഡ്രോണുകൾ, സ്റ്റിംഗർ വിമാനവേധ മിസൈലുകൾ തുടങ്ങിയ അസംഖ്യം ആയുധങ്ങൾ സ്വകാര്യ കമ്പനികൾ വഴി അമേരിക്ക നിർമ്മിച്ചു നൽകിയിട്ടുണ്ട്. അമേരിക്കയെ കൂടാതെ ഒറ്റയ്ക്കും തെറ്റയ്ക്കുമായി ഏതാണ്ട് 30 രാഷ്ട്രങ്ങൾ ഉക്രൈന് ആയുധം നൽകി സഹായിക്കുന്നുണ്ട്.
ഇവയുടെയെല്ലാം പണം ഏതാണ്ട് 20 വർഷത്തിനുള്ളിൽ സാവധാനമായി ഉക്രൈൻ തിരിച്ചടയ്ക്കണം. എന്നിരുന്നാലും ആയുധ നിർമാണ കമ്പനികൾക്ക് കയ്യോടു കൂടി യു. എസ് സർക്കാർ പണം കൊടുക്കും. അതുകൊണ്ടുതന്നെ, ഏതൊരു യുദ്ധം പോലെ റഷ്യ-ഉക്രൈൻ യുദ്ധവും ആയുധ കച്ചവടക്കാർക്ക് ചാകരയാണ്.
Post Your Comments