കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി കാവ്യ മാധവനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ആലുവയിലെ വീട്ടിൽ വച്ച് മൊഴിയെടുക്കാൻ സമ്മതമാണെന്ന മറുപടിയായിരുന്നു കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചത്. ഇതിനെ അന്വേഷണ സംഘം എതിർത്തു. വീട്ടിൽ വച്ച് മൊഴിയെടുക്കുവാൻ സാധ്യമല്ലെന്നും, മറ്റൊരു സ്ഥലം തിരഞ്ഞെടുത്ത് അറിയിക്കണമെന്നുമാണ് ഉദ്യോഗസ്ഥർ കാവ്യയെ രണ്ടാമതും അറിയിച്ചത്. ഇക്കാര്യത്തിൽ ഇതുവരെ കൃത്യമായ മറുപടി കാവ്യയിൽ നിന്നുണ്ടായിട്ടില്ല.
വീട്ടിൽ വെച്ച് മാത്രമേ മൊഴിയെടുക്കാൻ സാധിക്കുകയുള്ളൂ എന്നാണ് കാവ്യ പറയുന്നതെങ്കിൽ, അന്വേഷണ സംഘത്തിന് മുന്നിൽ മറ്റൊരു മാർഗമില്ല. സാക്ഷി എന്ന നിലയിൽ കാവ്യ മാധവനെ വിളിച്ചു വരുത്താൻ പൊലീസിന് അധികാരമില്ലെന്ന് നിയമ വിദഗ്ധൻ അഡ്വ. മുഹമ്മദ് ഷാ പറയുന്നു. മനോരമ ന്യൂസ് കൗണ്ടർ പോയിന്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കേസിന്റെ അന്വേഷണത്തിനായി നോട്ടീസ് അയച്ച് ആരെ വിളിച്ചാലും, പൊലീസ് പറയുന്ന സ്ഥലത്തു പോയി മൊഴി കൊടുക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. എന്നാൽ, ഇക്കാര്യത്തിൽ ചില വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം:
* 15 വയസ്സിൽ താഴെയുള്ള കുട്ടികൾ.
* 65 വയസ്സിൽ മുകളിലുള്ള മുതിർന്ന പൗരന്മാർ.
* മാനസികമോ ശാരീരികമോ ആയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ.
* പ്രായഭേദമന്യേ സ്ത്രീകൾ.
ഇത്രയും വിഭാഗങ്ങളിൽ പെട്ടവർക്ക് നോട്ടീസ് കൊടുത്താൽ അവരെ വീട്ടിൽ പോയി മൊഴിയെടുക്കാനേ സാധിക്കുകയുള്ളു. ഒരു കാരണവശാലും അവരെ സാക്ഷി എന്ന നിലയിൽ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിയില്ല. അത് കാവ്യ മാധവന് മാത്രമുള്ള ആനുകൂല്യമല്ല. ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും കിട്ടുന്ന അവകാശമാണ്. സ്ത്രീകൾ സാക്ഷികളായി വരുന്ന സാഹചര്യങ്ങളിൽ അവർ നിർദേശിക്കുന്ന ഇടങ്ങളിൽ വച്ച് മൊഴിയെടുക്കണമെന്ന നിയമമാണ് കാവ്യ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തിൽ മറ്റ് മാർഗങ്ങളില്ലെങ്കിൽ വീട്ടിൽവച്ച് തന്നെ മൊഴിയെടുക്കുവാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
സാധാരണക്കാരായ സ്ത്രീകൾക്കും ഈ നിയമം ബാധകമാണെന്ന് ചർച്ചയിൽ പങ്കെടുക്കവെ മുഹമ്മദ് ഷാ വ്യക്തമാക്കി. ‘ഇവിടെ കാവ്യയ്ക്ക് നോട്ടീസ് കൊടുത്തപ്പോൾ അവർ നിയമം പറഞ്ഞു. വീട്ടിൽ വന്ന് മൊഴിയെടുക്കാം എന്നു പറയുമ്പോൾ അതാണ് നിയമം. പൊലീസുകാർ പോയേ മതിയാകൂ. പൊലീസുകാർ സ്ത്രീകൾക്കു കൊടുക്കേണ്ട നിയമ സംരക്ഷണമാണത്. ക്രൈംബ്രാഞ്ചിനത് മനസ്സിലായി’, അദ്ദേഹം പറഞ്ഞു.
Post Your Comments