ന്യൂഡല്‍ഹി: യെമന്‍ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനായി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇടപെടും. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന് ദയാധനം നൽകി നിമിഷപ്രിയയെ മോചിപ്പിക്കാനാണ് ശ്രമം. ഇതിനായി യെമൻ പൗരന്റെ കുടുംബവുമായി നടത്താനിരിക്കുന്ന ചർച്ചകൾക്ക് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നൽകും.
നിമിഷപ്രിയയെ വിട്ടുകിട്ടാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുകയാണ് നിമിഷപ്രിയയുടെ അമ്മയും സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലും. ഇതിന്റെ ഭാഗമായി, 2017ൽ മരിച്ച തലാലിന്റെ ബന്ധുക്കളോടും അവിടുത്തെ ജനതയോടും മാപ്പ് അപേക്ഷിക്കാൻ യെമനിലേക്കു പോകാൻ അനുവദിക്കണമെന്ന ആവശ്യവുമായി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി രംഗത്ത് വന്നിരുന്നു.
നിമിഷയുടെ മകളുമായി അവരുടെ രാജ്യത്തു ചെന്നു മാപ്പു ചോദിക്കാൻ യാത്രയ്ക്കു വിദേശകാര്യ മന്ത്രാലയത്തിന്റെ അനുവാദം ചോദിച്ചിരിക്കുകയാണ് ഇവർ. അനുവാദം ലഭിച്ചാൽ, മകളെ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി. ഇവരുടെ അഭ്യർത്ഥന മാനിച്ച് യാത്രയ്ക്കാവശ്യമായ സഹായം ചെയ്തു നൽകാമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിൽ വ്യക്തമാക്കി.
കേസിൽ നേരിട്ട് ഇടപെടാനാകില്ലെന്ന് അറിയിച്ചെങ്കിലും, ആവശ്യമായ സഹായം ചെയ്തു നൽകാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. നയതന്ത്ര ഇടപെടൽ സാധ്യമല്ലെന്നാണ് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്ര തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിൽ സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
Post Your Comments