ലാഹോര്‍: അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായതിന് പിന്നാലെ ശക്തമായ പ്രഖ്യാപനവുമായി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അധികാരത്തിലിരുന്ന സമയം താൻ ഒട്ടും അപകടകാരി ആയിരുന്നില്ലെന്നും എന്നാല്‍, ഇനിമുതൽ അങ്ങനെ ആയിരിക്കില്ലെന്നും ഇമ്രാൻ ഖാൻ പറയുന്നു. താന്‍ കൂടുതല്‍ അപകടകാരിയാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. പെഷവാറില്‍ വെച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ പാക് പ്രധാനമന്ത്രി.
‘സര്‍ക്കാരിന്റെ ഭാഗമായിരിക്കെ ഞാന്‍ ഒട്ടും അപകടകാരിയായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഞാന്‍ അധികാരത്തിലില്ല. ഇനിയങ്ങോട്ട് കൂടുതല്‍ അപകടകാരിയാവും. എന്നെ അധികാരത്തിൽ നിന്നും പുറത്താക്കാൻ പലരും ഒത്തുകളിച്ചു. പാകിസ്ഥാന് നാഷണല്‍ അസംബ്ലിയില്‍ അവിശ്വാസ പ്രമേയം പാസാക്കുന്നതിന് മുമ്പ് പാതിരാത്രിയില്‍ കോടതി ചേർന്നത് അതിന്റെ ഏറ്റവും വലിയ തെളിവാണ്’, ഇമ്രാന് ഖാൻ ആരോപിച്ചു.
സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ സഹായത്തോടെ വാഷിംഗ്ടണിൽ വിദേശ ഗൂഢാലോചന നടത്തിയെന്ന തന്റെ ആരോപണം, അദ്ദേഹം വീണ്ടും ആവർത്തിച്ചു. ഗൂഢാലോചന നടത്തിയവർ, തന്നെ സർക്കാരിൽ നിന്ന് പുറത്താക്കിയതിൽ അതിയായി സന്തോഷിക്കുകയാണെന്നും, അവർക്ക് അധികം നാൾ സന്തോഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 40,000 കോടി രൂപയുടെ അഴിമതിക്കേസുകൾ ഉള്ളതിനാൽ ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രിയായി പാകിസ്ഥാൻ ജനങ്ങൾ അംഗീകരിക്കില്ലെന്ന് ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി.
Also Read:ഓഫറുകള്‍ നിറച്ച് ടാറ്റ ന്യൂ’ സൂപ്പര്‍ ആപ്പ്: ഉപ്പ് തൊട്ട് ഐ.പി.എല്‍. വരെ ഇവിടെ എന്തും പോകും
‘എന്റെ 25 വർഷത്തെ രാഷ്ട്രീയത്തിനിടയിൽ, എന്റെ ജീവിതവും മരണവും പാകിസ്ഥാനിലാണ്. അതിനാൽ, ഞാൻ ഒരിക്കലും സർക്കാർ സ്ഥാപനങ്ങൾക്കെതിരെയോ ജുഡീഷ്യറിക്കെതിരെയോ പ്രവർത്തിച്ചിട്ടില്ല. പൊതുജനങ്ങളെ പ്രകോപിപ്പിച്ചിട്ടില്ല. ഷെഹബാസ് ഷെരീഫിനെതിരെ 40,000 കോടിയുടെ അഴിമതിക്കേസുകൾ ഉണ്ട്. ഞങ്ങൾ അദ്ദേഹത്തെ പ്രധാനമന്ത്രിയായി അംഗീകരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അങ്ങനെ ആരൊക്കെ വിചാരിച്ചാലും… സുൽഫിക്കർ അലി ഭൂട്ടോയുടെ സഹായത്തോടെ പുറത്താക്കപ്പെട്ട 1970-കളിലെ പാക്കിസ്ഥാനല്ല ഇപ്പോഴുള്ളതെന്ന് പറയാൻ ആഗ്രഹിക്കുന്നു. എന്നെ പുറത്താക്കിയതിന് പിന്നിൽ വിദേശ ശക്തികളാണുള്ളത്’, ഇമ്രാൻ ഖാൻ പറഞ്ഞു.
അതേസമയം, നാഷണല്‍ അസംബ്ലിയില്‍ ഇമ്രാന് ഖാനെതിരായി നടന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം വിജയിച്ചതോടെയാണ് പുതിയ പ്രധാനമന്തിയെ തിരഞ്ഞെടുക്കാനുള്ള നീക്കം നടന്നത്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പില്‍ ഇമ്രാന് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ പരാജയപ്പെടുകയും, പിന്നാലെ ഇമ്രാൻ ഖാൻ രാജി വെയ്ക്കുകയും ചെയ്തിരുന്നു. ഇമ്രാന് ഖാന് പകരം, പാകിസ്ഥാന് മുസ്ലിം ലീഗ് (നവാസ്) നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹബാസ് ഷെരീഫാണ് പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റത്.
Post Your Comments