തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ചകേസില്‍ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ദിലീപിന്റെ അഭിഭാഷകന്‍ ആഭ്യന്തര സെക്രട്ടറിക്കു പരാതി നല്‍കി. ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തും ബൈജു പൗലോസും ചേര്‍ന്ന് നടനെതിരെ വ്യാജപ്രചാരണം നടത്തുന്നു എന്നാണ് പരാതിയിൽ പറയുന്നത്. പ്രതിഭാഗം അഭിഭാഷകനായ ഫിലിപ്പ് വര്‍ഗീസാണ് പരാതി നല്‍കിയത്.
‘അഭിഭാഷകനായ രാമന്‍ പിള്ളയുടെ ഓഫിസിനെ മോശമായി ചിത്രീകരിക്കാനാണു ശ്രമം. കേസിലെ പ്രതിയായ സായ് ശങ്കറിനെ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിച്ചതും കള്ളപ്രചാരണത്തിനു കൂട്ടുനിന്നതും ശ്രീജിത്തും ബൈജു പൗലോസും ചേര്‍ന്നാണ്. ബാലചന്ദ്രകുമാർ എഡിജിപി ശ്രീജിത്തിന്റെ അടുത്ത ബന്ധുവാണ്. ചട്ടവിരുദ്ധമായിട്ടാണ് അന്വേഷണം നടത്തുന്നത്.’
‘സായ് ശങ്കർ കീഴടങ്ങിയിട്ടും മറ്റ് തട്ടിപ്പു കേസുകളിൽ അറസ്റ്റ് ചെയ്തിട്ടില്ല.’ ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുത്ത തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത് എഡിജിപി നേരിട്ടാണെന്നും പരാതിയില്‍ പറയുന്നു. ഇപ്പോൾ നടക്കുന്നത്, ജനവികാരം തനിക്കെതിരെ ഉയരാൻ വേണ്ടിയുള്ള കരുതിക്കൂട്ടിയ മാധ്യമ വിചാരണയാണെന്നും ദിലീപ് പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. ദിലീപ് ജാമ്യ വ്യവസ്ഥകൾ എല്ലാം ലംഘിച്ചുവെന്നും തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
Post Your Comments