KeralaLatest NewsNews

ഒരാവശ്യം വന്നാൽ രക്ഷ തേടി വിളിക്കുന്നത് സുരേഷ് ഗോപിയെ, അപ്പോൾ ‘സാണകം’ പഞ്ചഗവ്യം പോലെ ഔഷധയോഗ്യം: അഞ്ജു പാർവതി

തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം തനിക്ക് വോട്ടു തരാത്തവരെ മാറ്റി നിറുത്താൻ അദ്ദേഹം പഠിച്ചില്ല

തൃശൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയിൽ നിന്നും വിഷുക്കൈനീട്ടം വാങ്ങി, സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട കാറിലിരുന്നാണ് സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകിയത്. സംഭവത്തെ തുടർന്ന് സുരേഷ് ഗോപിയ്ക്ക് നേരെ വിമർശനം ഉയരുകയാണ്. ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിക്കുന്നവർ ഒരു ആവശ്യം വന്നാൽ രക്ഷയ്ക്ക് ആദ്യം വിളിക്കുന്നത് സുരേഷ് ഗോപിയെ ആണെന്ന് അഞ്ജു പാർവതി പ്രഭീഷ്.

‘രാഷ്ട്രീയം എന്ന കേവലം അളവുകോൽ വച്ച് അളന്നെടുക്കാനുള്ള മനുഷ്യനല്ല സുരേഷ് ഗോപി. അദ്ദേഹത്തിന്റെ മാനവികതയും മൂല്യവും അദ്ദേഹം രാഷ്ട്രീയക്കാരനോ എം.പിയോ ആയ നാൾ മുതൽ മാത്രം മുളച്ച ഒന്നല്ല മനുഷ്യരേ. അദ്ദേഹം തൃശൂരിലെ എം.എൽ.എ ആയിരുന്നില്ല ! തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം തനിക്ക് വോട്ടു തരാത്തവരെ മാറ്റി നിറുത്താൻ അദ്ദേഹം പഠിച്ചില്ല. പകരം കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന ‘പ്രാണ പദ്ധതി’ തൃശൂർ ഗവ. മെഡിക്കല്‍ കോളേജില്‍ യഥാര്‍ത്ഥ്യമാക്കി ജനസേവനമെന്നത് കേവലം വോട്ടിൽ മാത്രമല്ലെന്ന് തെളിയിച്ചു.’- അഞ്ജു കുറിക്കുന്നു.

read also: ‘കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷുക്കൈനീട്ടം എന്ന് പറയരുത്’: ഷാനിമോള്‍ ഉസ്മാന്‍

കുറിപ്പ് പൂർണ്ണ രൂപം

നേരം വെളുക്കുമ്പം തൊട്ട് ഇരുട്ടുവോളം അങ്ങേരെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച് ലൈക്കും കമന്റും വ്യൂസും വാങ്ങികൂട്ടിയ മഴപ്പാഴുകളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെയാണ്. ഡൈബത്തിന്റെ സ്വന്തം നാട്ടിൽ 140 തെരഞ്ഞെടുക്കപ്പെട്ട പ്രബുദ്ധ ജനപ്രതിനിധികളുണ്ടെങ്കിലും ഒരാവശ്യം വന്നാൽ രക്ഷ തേടി “സാണകം ” സവിട്ടാൻ റെഡിയാവുന്ന ടീംസിനു അന്നേരം ” സാണകം ” പഞ്ചഗവ്യം പോലെ ഔഷധയോഗ്യമാവുന്നുണ്ട്. എത്രയോ ഉദാഹരണങ്ങൾ കൺമുന്നിലുണ്ട്.

രാഷ്ട്രീയം എന്ന കേവലം അളവുകോൽ വച്ച് അളന്നെടുക്കാനുള്ള മനുഷ്യനല്ല സുരേഷ് ഗോപി. അദ്ദേഹത്തിന്റെ മാനവികതയും മൂല്യവും അദ്ദേഹം രാഷ്ട്രീയക്കാരനോ എം.പിയോ ആയ നാൾ മുതൽ മാത്രം മുളച്ച ഒന്നല്ല മനുഷ്യരേ. അത് ഈശ്വരൻ ചിലർക്കായി മാത്രം നല്കിയ വരപ്രസാദമാണ്. ആ വരപ്രസാദം അദ്ദേഹത്തിനില്ലായിരുന്നുവെങ്കിൽ ഇന്ന് ഏത് മലയാളം താര രാജാവിനേക്കാൾ വലിയ മൾട്ടി മില്യണയർ ആയിരുന്നേനേ അദ്ദേഹം. ഒരു കാലത്ത് അദ്ദേഹത്തിനു ചുറ്റും സിനിമാലോകം കറങ്ങിയിരുന്നു. പക്ഷേ കറ കളഞ്ഞ നന്മ മുതൽക്കൂട്ടായി കരുതിയ ആ മനുഷ്യൻ പണത്തിനും സ്വത്തിനും മീതേ മനുഷ്യരെ കണ്ടു.
കൊട്ടിയൂരിലെ അനന്തുവിനെയും അക്ഷരയെയും ചേർത്തണച്ചപ്പോൾ രാഷ്ട്രീയക്കാരനായിരുന്നില്ല. എച്ച് ഐ വി ബാധിതരായി പോയതിന്റെ പേരില്‍ അയിത്തം കല്പിക്കപ്പെട്ട രണ്ടു കുരുന്നുകളെ നാമടങ്ങുന്ന സമൂഹം ഒറ്റപ്പെടുത്തി, അക്ഷരകോവിലിനുള്ളില്‍ നിന്ന് പോലും പുറത്താക്കിയപ്പോള്‍, എച്ച് ഐ വി ബാധിതര്‍ എന്ന പേരില്‍ പ്രബുദ്ധ കേരളം സാമൂഹിക അയിത്തം കല്പിച്ചപ്പോള്‍ അവര്‍ക്ക് മുന്നില്‍ ദൈവദൂതനായി ചെല്ലാന്‍ ഈ ഒരു മനുഷ്യനേ കഴിഞ്ഞുള്ളൂ .അന്ന് കൊട്ടിയൂരിലെ സ്കൂളിലെത്തി അനന്തുവിനെയും അക്ഷരയെയും ചേര്‍ത്തുപിടിച്ചു അണച്ചുനിറുത്തി നാട്ടുകാര്‍ക്ക് മുന്നില്‍ എയിഡ്സ് പകരുന്നൊരു രോഗമല്ലെന്ന് ബോധവല്‍ക്കരണം നടത്താന്‍ അദ്ദേഹത്തെ ഭരിച്ചത് ഒരേ ഒരു വികാരം മാത്രം – മാനവികത.

അദ്ദേഹം തൃശൂരിലെ എം.എൽ.എ ആയിരുന്നില്ല ! തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം തനിക്ക് വോട്ടു തരാത്തവരെ മാറ്റി നിറുത്താൻ അദ്ദേഹം പഠിച്ചില്ല. പകരം കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന ‘പ്രാണ പദ്ധതി’ തൃശൂർ ഗവ. മെഡിക്കല്‍ കോളേജില്‍ യഥാര്‍ത്ഥ്യമാക്കി ജനസേവനമെന്നത് കേവലം വോട്ടിൽ മാത്രമല്ലെന്ന് തെളിയിച്ചു. രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ എത്തിക്കുന്ന പദ്ധതി നടപ്പാക്കാൻ അദ്ദേഹത്തെ പഠിപ്പിച്ചത് മാനവസേവ മാധവസേവയെന്ന ആപ്തവാക്യം❤️
അദ്ദേഹം വട്ടവടയിലെ ജനപ്രതിനിധിയോ ഇടുക്കിയിലെ എം.എൽ എയോ ആയിരുന്നില്ല. 2018-ൽ മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊട്ടാക്കമ്പൂരിലെ വീട് സന്ദർശിച്ച ശേഷം പ്രദേശവാസികളുമായി സംസാരിച്ചപ്പോൾ മനസ്സിലാക്കിയ കുടിവെള്ള പ്രശ്നം ഒരു വർഷം തികയും മുമ്പേ തന്റെ എം.പി ഫണ്ടിൽ നിന്നും 73 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച കോവിലൂർ കുടിവെള്ള പദ്ധതിയിലൂടെ പ്രാവർത്തികമാക്കി 900 കുടുംബങ്ങൾക്ക് കുടിവെള്ളം നല്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം സഹജീവിസ്നേഹം❤️

അദ്ദേഹം കാസർകോട്ടെ എം.എൽ. എ ആയിരുന്നില്ല. എൻഡോസൾഫാൻ ബാധിതരെ സഹായിക്കുവാൻ മുന്നോട്ട് വന്നതു മുതൽ കാസർകോട് ജനറൽ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റാൻ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എൻഡ് മോഡ് വെന്റിലേറ്ററും പോർട്ടബിൾ എക്സ്റേയും തുടങ്ങിയ സജ്ജീകരണങ്ങൾക്ക് സാമ്പത്തിക സഹായമായി കാസർകോട്ട് കലക്ടറെ അങ്ങോട്ടു വിളിച്ച് ബന്ധപ്പെട്ട് എംപി ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ സഹായം നല്കിയതും ബദിയടുക്കാ, മൂളിയാർ. ചെറുവത്തൂർ, പെരിയ , മംഗൽപ്പാടി എന്നീ സ്ഥലങ്ങളിലെ സിഎച്ച്സി സെന്ററുകളില്‍ ഡയാലിസിസ് ചെയ്യാൻ വേണ്ട ഉപകരണങ്ങൾക്കായി 29.25 ലക്ഷം എംപി ഫണ്ട് അനുവദിച്ചതിനും കാരണമായതിനും പിന്നിൽ ഒരൊറ്റ വികാരം മാത്രം – മനുഷ്യത്വം❤️

എണ്ണിപ്പറയാൻ തുടങ്ങിയാൽ തീരില്ല ആ ലിസ്റ്റ് .കേവലം ഒരു കാലു വന്ദിക്കൽ വിവാദം കൊണ്ടുവന്ന് അങ്ങേരേ അളക്കുവാൻ നോക്കിയാൽ ചുളുന്നത് വിമർശിക്കുന്നവർ തന്നെയായിരിക്കും. നോമ്പുകാലത്ത് അറബിനാട്ടിൽ നിന്നും ഈന്തപ്പഴവും ഖുറാനും വിശ്വാസികൾക്ക് വിതരണം ചെയ്തപ്പോൾ പൊട്ടാതിരുന്ന കുരുക്കൾ ഒക്കെ ഒറ്റ രൂപ തുട്ടിൽ തട്ടി പൊട്ടുന്നത് കാണുമ്പോൾ എന്താ രസം! മനുഷ്യനെ മനുഷ്യനായി മാത്രം കാണാൻ കഴിയുന്ന മാനവികതയുടെ , നിറഞ്ഞ സ്നേഹത്തിന്റെ ഒക്കെ പേര് ശ്രീ. സുരേഷ് ഗോപി എന്നാകുമ്പോൾ കാലു തൊട്ടു വന്ദിക്കാൻ തോന്നുന്നത് തീർത്തും സ്വാഭാവികം. അക്കമിട്ടു നിരത്താൻ കഴിയുന്നതല്ല SG എന്ന മനുഷ്യന്റെ കരുതലുകൾ. ആ മനുഷ്യ സ്നേഹിയെ രാഷ്ട്രീയം കൊണ്ട് മാത്രം അളന്നു തൂക്കുന്ന മനുഷ്യർക്ക് അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരം ഉച്ചരിക്കാനുള്ള യോഗ്യത പോലുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button