കോഴിക്കോട്: ലൗ ജിഹാദ് വിഷയത്തിൽ പ്രതികരണവുമായി സിപിഎം ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമാക്കി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം തോമസ്. ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നുണ്ടെന്ന് ജോർജ് എം തോമസ് പറഞ്ഞു. ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജ്യോത്സ്‌നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഷെജിൻ ജ്യോത്സ്‌നയുമായി ഒളിച്ചോടിയ നടപടി ശരിയല്ലെന്നും ഇത്തരമൊരു പ്രണയമുണ്ടെങ്കിൽ പാർട്ടിയെ അറിയിക്കണമായിരുന്നുവെന്നും ജോർജ് എം തോമസ് പറഞ്ഞു. അടുത്ത സഖാക്കളോടോ പാർട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവ സമുദായം വലിയ തോതിൽ പാർട്ടിയുമായി അടുക്കുന്ന ഈ ഘട്ടത്തിൽ ഇത്തരമൊരു നീക്കം പാർട്ടിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയതെന്നും ജോർജ് എം തോമസ് പറഞ്ഞു.
15 ദിവസം മുൻപാണ് ജ്യോത്സ്‌ന വിദേശത്ത് നിന്ന് വന്നതെന്നും 15 ദിവസം കൊണ്ട് ഇത്രയും ആഴത്തിലുള്ള പ്രണയം ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷെജിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ ഇക്കാര്യം പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments