ന്യൂഡല്‍ഹി: യെമന്‍ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടാനാകില്ലെന്ന് കേന്ദ്ര സർക്കാർ. നയതന്ത്ര ഇടപെടൽ സാധ്യമല്ലെന്ന് കേന്ദ്രം അറിയിച്ചു. ഇതോടെ, സേവ് നിമിഷപ്രിയ സമർപ്പിച്ച ഹർജി തള്ളി. നഷ്ടപരിഹാരം നല്‍കിയുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കും ഇനി സാധിക്കില്ല. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്ര തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിൽ സമർപ്പിച്ച ഹർജിയാണ് തള്ളിയത്.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍, മരിച്ച യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് നിമിഷയുടെ അമ്മ പ്രേമ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിമിഷ കുറ്റം ചെയ്തിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം പ്രേമ വ്യക്തമാക്കിയിരുന്നു.
വധശിക്ഷയില്‍ നിന്ന് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള നിമിഷപ്രിയയുടെ ഹര്‍ജി യമനിലെ അപ്പീല്‍ കോടതി തള്ളിയിരുന്നു. 2017 ജൂലൈ 25ന് യമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദി എന്നയാളെ നിമിഷപ്രിയയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
Post Your Comments