പത്തനംതിട്ട: പ്രകൃതിക്ഷോഭവും കാലാവസ്ഥ വ്യതിയാനവും മൂലം കൃഷി നശിക്കുന്ന കർഷകർക്ക് നിയമപരമായി ലഭിക്കേണ്ട നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നശിച്ചു പോയ നെല്ല് സർക്കാർ ഉടനടി സംഭരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്ത കർഷകൻ രാജീവ് സരസന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു സതീശൻ്റെ പ്രതികരണം. കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷകന്റെ ആത്മഹത്യ യഥാർത്ഥത്തിൽ കൊലപാതകമാണെന്നും സതീശൻ കുറ്റപ്പെടുത്തി. കൃഷി നഷ്ടപ്പെട്ട കർഷകർക്ക് ഉടൻ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും സതീശൻ പറഞ്ഞു.
വേനൽ മഴയിൽ സംസ്ഥാനത്ത് 261 കോടിയുടെ കൃഷി നാശമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മഴ കനത്താൽ സ്ഥിതി കൂടുതൽ സങ്കീർണമാകും. കുട്ടനാട്ടിൽ നശിച്ചു പോയ നെല്ല്, നഷ്ടപരിഹാരം നൽകി സർക്കാർ പൂർണമായും സംഭരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്പർ കുട്ടനാട്ടിലെ നിരണം സ്വദേശി രാജീവൻ പത്താം തീയതിയാണ് തൂങ്ങി മരിച്ചത്. വേനൽ മഴയിൽ വ്യാപകമായി കൃഷി നശിച്ചതും കട ബാധ്യതയുമാണ് ആത്മഹത്യക്ക് കാരണം.
Post Your Comments