ഇസ്ലാമാബാദ്: പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. പാകിസ്ഥാൻ മുസ്ലിം ലീഗ്–നവാസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനുമാണ് ഷഹബാസ് ഷരീഫ്. അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ ഇമ്രാൻ ഖാൻ പുറത്തായതോടെയാണ് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തിയത്. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനു മുൻപേ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടി അംഗങ്ങളും രാജിവെച്ചിരുന്നു. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇമ്രാൻ ബഹിഷ്കരിച്ചു.
13 മണിക്കൂറിലേറെ നീണ്ട പ്രക്ഷുബ്ധമായ സഭാ നടപടികൾക്കൊടുവിലാണ് അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പ്രതിപക്ഷസഖ്യം ഇമ്രാൻ സർക്കാരിനെ പുറത്താക്കിയത്. ഭരണകക്ഷി അംഗങ്ങൾ ബഹിഷ്കരിച്ച വോട്ടെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന് 174 വോട്ടു ലഭിച്ചു. 342 അംഗ സഭയിൽ 172 വോട്ടാണു കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സഭയിൽ ഇമ്രാൻ ഖാൻ ഹാജരായിരുന്നില്ല. 2018 ഓഗസ്റ്റ് 18നാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ അധികാരമേറ്റത്. മൂന്നു വർഷവും ഏഴു മാസവും പാകിസ്ഥാന്റെ ഭരണചക്രം ഇമ്രാൻ നിയന്ത്രിച്ചു. പാകിസ്ഥാനിൽ ഒരു പ്രധാനമന്ത്രിയും കാലാവധി തികച്ചിട്ടില്ലെന്ന ചരിത്രം ഇമ്രാനിലൂടെയും ആവർത്തിച്ചു.
അതേസമയം, തന്റെ സർക്കാരിനെ പുറത്താക്കാൻ വിദേശ ഗൂഢാലോചന നടന്നുവെന്ന ആരോപണം ഇമ്രാൻ വീണ്ടും ഉന്നയിച്ചു. പാകിസ്ഥാൻ 1947ൽ സ്വതന്ത്ര രാജ്യമായെങ്കിലും, ഇന്നു മുതൽ സ്വാതന്ത്ര്യസമരം വീണ്ടും തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.എസിനെതിരെ വിരൽ ചൂണ്ടിയാണ് ഇമ്രാൻ അധികാരമൊഴിഞ്ഞത്. താൻ അധികാരത്തിൽ തുടരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യു.എസ് നയതന്ത്രജ്ഞൻ അയച്ച കത്തിൽ പറഞ്ഞുവെന്നാണ് അദ്ദേഹം ആരോപിച്ചത്. എന്നാൽ, ആരോപണം ഇന്നലെ യു.എസ് വീണ്ടും നിഷേധിച്ചിരുന്നു.
Post Your Comments