മലപ്പുറം: മലപ്പുറം അരീക്കോട് എസ്.ഒ.ജി. ക്യാമ്പിൽ നിന്ന് കാണാതായ പോലീസുകാരനെ മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചതായി ഭാര്യയുടെ പരാതി. ക്യാൻ്റീനിലെ കട്ടൻ ചായ വിതരണം നിർത്തിയതിനെ കാണാതായ മുബഷീർ ചോദ്യം ചെയ്തിരുന്നു. അത് മേലുദ്യോഗസ്ഥരെ ചൊടിപ്പിച്ചു. ഇതാണ് മാനസിക പീഡനത്തിനു കാരണമെന്ന് മുബഷീറിൻ്റെ ഭാര്യ ഷാഹിന പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം കാണാതായ മുബഷീറിനെ കോഴിക്കോട് നിന്നാണ് കണ്ടെത്തിയത്.
എം.എസ്.പി. ബറ്റാലിയൻ അംഗമായ മുബഷീറിനെ അരീക്കോട്ടെ ക്യാമ്പിൽ നിന്ന് വെള്ളിയാഴ്ച്ച മുതലാണ് കാണാതായത്. ക്യാമ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് കത്ത് എഴുതി വെച്ചിട്ടാണ് മുബഷീർ കടന്നുകളഞ്ഞത്.
ഉദ്യോഗസ്ഥരുടെ പീഡനം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. നീതി കിട്ടില്ലെന്ന് ഉറപ്പായതോടെ നിസഹായനായി സങ്കടവും പരിഭവവുമില്ലാതെ പോകുകയാണ് ഞാനെന്നും കത്തിൽ പറയുന്നു. ഞാനോടെ തീരണം ഇതെല്ലാമെന്നും, ഇനിയൊരാൾക്ക് ഇങ്ങനെ സംഭവിക്കാൻ പാടില്ലെന്നും മുബഷീർ കത്തിൽ വ്യക്തമാക്കുന്നു. കോഴിക്കോട് വടകര സ്വദേശിയാണ് മുബഷീർ. കഴിഞ്ഞ നാലര വർഷമായി അരീക്കോട് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്.
Post Your Comments