ശ്രീനഗര്‍: അഴിമതിയ്ക്കെതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന് വ്യക്തമാക്കി മുന്‍ ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് രംഗത്ത്. രണ്ട് ഫയലുകളില്‍ നിയമവിരുദ്ധ ഇടപെടലുകള്‍ നടത്തിയാൽ തനിക്ക് 300 കോടി തരാമെന്നേറ്റെന്നും, എന്നാൽ, ഈ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നുവെന്നും സത്യപാല്‍ മാലിക്ക് പറഞ്ഞു.
‘കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ, അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിര്‍ദ്ദേശമാണ് അദ്ദേഹം പറഞ്ഞത്. അതനുസരിച്ചാണ് അന്ന് പ്രവര്‍ത്തിച്ചത്. അഞ്ച് കുര്‍ത്തയുമായിട്ടാണ് കാശ്മീരിലെത്തിയത്. തിരിച്ച് പോവുമ്പോഴും അത് മാത്രമാണ് കൂടെയുണ്ടാവുക എന്നാണ് പണം വാഗ്ദാനം ചെയ്തവരോട് താന്‍ പറഞ്ഞത്. ആര്‍എസ്എസുമായി ബന്ധമുള്ള ഒരാളും ഒരു വ്യവസായ പ്രമുഖനുമായിരുന്നു പണം വാഗ്ദാനം ചെയ്തത്’, സത്യപാൽ വ്യക്തമാക്കി.
‘കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വ്യക്തമാക്കും. എനിക്കെതിരേ അന്വേഷണം നടക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണ്. അന്വേഷണം വന്നാലും സ്വാഗതം ചെയ്യും. കര്‍ഷക സമരത്തിന് അനുകൂലമായ നിലപാടെടുത്തത് കൊണ്ട് ചിലര്‍ എന്നെ ലക്ഷ്യം വയ്ക്കുകയാണ്. പക്ഷെ ഭയമില്ല. കര്‍ഷകര്‍ക്ക് വേണ്ടി ഇനിയും ശബ്ദമുയര്‍ത്തും’, സത്യപാൽ മാലിക് കൂട്ടിച്ചേർത്തു.
Post Your Comments