അഹമ്മദാബാദ്: ഇന്ത്യയില്‍ വീണ്ടും കോവിഡിന്റെ പുതിയ ഉപവകഭേദമായ എക്സ്. ഇ സ്ഥിരീകരിച്ചു. ഗുജറാത്തിന് പിന്നാലെ മുംബൈയിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.
ഗുജറാത്തില്‍ എക്സ്. ഇ വകഭേദം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകമാണ് മുംബൈയിലും രോഗബാധ കണ്ടെത്തിയത്.
ഗുജറാത്തില്‍ വഡോദരയിലേക്ക് യാത്ര ചെയ്ത 67കാരനായ മുംബൈ നിവാസിക്കാണ് എക്സ്. ഇ വകഭേദം കണ്ടെത്തിയത്. മാര്‍ച്ച് 12 ന് കോവിഡ് സ്ഥിരീകരിച്ച ഇയാള്‍ തൊട്ടടുത്ത ദിവസം തന്നെ അധികൃതരെ അറിയിക്കാതെ മുംബൈയിലേക്ക് തിരിച്ചുപോയി. പിന്നീടാണ് ഇയാള്‍ക്ക് എക്സ്.ഇ വകഭേദമാണ് ബാധിച്ചതെന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജീനോം സീക്വന്‍സിങ്ങിലൂടെയാണ് എക്സ്. ഇ വകഭേദത്തെ തിരിച്ചറിഞ്ഞത്. നേരത്തെ മഹാരാഷ്ട്രയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.
Post Your Comments