നെടുങ്കണ്ടം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് സൗഹൃദത്തിലായ യുവതിയെ നേരിട്ടു കണ്ട് പ്രണയാഭ്യർത്ഥന നടത്താൻ തൃശ്ശൂരിൽ നിന്ന് ഇടുക്കിയിലെത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. യുവാവ് യുവതിയെ കാണാൻ അവർ ജോലിചെയ്യുന്ന ബാങ്കിലെത്തിയതോടെ ആകെ ബഹളമാവുകയായിരുന്നു. ഒടുവിൽ പോലീസ് ഇടപ്പെട്ട് യുവാവിനെ ഉപദേശിച്ച് താക്കീതും നൽകി തിരിച്ചയയ്ക്കുകയായിരുന്നു.
കരുണാപുരം മേഖലയിലെ ബാങ്കിൽ ജോലിചെയ്യുന്ന യുവതിയെ കാണാനാണ് തൃശൂരിൽ നിന്നും യുവാവ് എത്തിയത്. രണ്ടുവർഷം മുമ്പാണ് ഇരുവരും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. സൗഹൃദം വളർന്നതോടെ യുവാവ് പ്രണയാഭ്യർത്ഥന നടത്തി. യുവാവ് പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും യുവതി നിരസിച്ചിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി ഇയാൾ, യുവതി ജോലിചെയ്യുന്ന ബാങ്കിലെത്തുകയായിരുന്നു. ഇതോടെയാണ് ബാങ്കിൽ ആകെ ബഹളം ആയത്.
ബാങ്കിലെത്തിയ യുവാവ് യുവതിയോട് സംസാരിക്കാൻ ശ്രമിക്കുകയും, യുവതി നിരസിക്കുകയും ചെയ്തതോടെ ബഹളമുണ്ടാകുകയായിരുന്നു. തുടർന്ന്, ബാങ്കധികൃതർ കമ്പംമെട്ട് പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി ചോദിച്ചപ്പോൾ, ഇടുക്കിയിൽ ഒരാവശ്യത്തിന് വന്നതാണെന്നും ഇതുവഴി വന്നസ്ഥിതിക്ക് സൗഹൃദം പുതുക്കി പോകാൻ ശ്രമിച്ചതാണെന്നും അയാൾ പറഞ്ഞു.
ഒടുവിൽ, പെൺകുട്ടിയെ ശല്യംചെയ്യരുതെന്ന് ഉപദേശവും, അനാവശ്യമായി കരുണാപുരം മേഖലയിലേക്ക് വന്നേക്കരുതെന്ന താക്കീതും നൽകിയാണ് യുവാവിനെ പൊലീസ് വിട്ടയച്ചത്.
Post Your Comments