Latest NewsNewsIndia

‘അവനെ മിസ് ചെയ്യുന്നു, ഇന്ത്യയെ സേവിച്ചുകൊണ്ട് മരിച്ചതിൽ സന്തോഷമുണ്ട്’: ധീരജവാന്റെ സഹോദരി എന്ന് കേൾക്കുമ്പോൾ അഭിമാനം !

ഇന്ത്യൻ മണ്ണിനെ സംരക്ഷിക്കാൻ, രാജ്യത്തിന് കാവലാകാൻ ആഗ്രഹിക്കുന്ന ഒരുപാട് യുവാക്കളുണ്ട്. ജീവൻ പണയം വെച്ച് അവർ രാജ്യത്തെ സേവിക്കാനൊരുങ്ങുമ്പോൾ, സന്തോഷവും ദുഃഖവും ഒരുപോലെ അനുഭവിക്കുന്നവരാണ് അവരുടെ കുടുംബം. അവധി കഴിഞ്ഞുള്ള മടക്കയാത്ര ഓരോ ജവാന്റെയും വീടുകളിൽ ദുഃഖമുഖരിതമായിരിക്കും. യാത്ര പറഞ്ഞ് പടിയിറങ്ങി പോകുന്നവരിൽ ചിലർ തിരിച്ച് വരാറില്ല. വീരമൃത്യു വരുമ്പോഴും അവർ തന്റെ കടമയിൽ സംതൃപ്തരായിരിക്കും. എന്നാൽ, പിന്നീട് ആ സൈനികന്റെ വീട് എങ്ങനെയായിരിക്കും? 18 വർഷം മുൻപ് സൈനികനായ സഹോദരനെ നഷ്ടപ്പെട്ടതിന്റെ ഓർമ പങ്കുവെയ്ക്കുകയാണ് യുവതി.

ഹ്യുമൻസ് ഓഫ് ബോംബെയിൽ യുവതി എഴുതിയ കുറിപ്പ് ഇങ്ങനെ:

‘റിഭു, എന്റെ ഇളയ സഹോദരൻ. എന്റെ ഹൃദയത്തിന്റെ ഏറ്റവും വലിയ ഭാഗമാണ്. എന്നാൽ അവന്റെ ഹൃദയമോ? അത് രാജ്യത്തിന് സമർപ്പിച്ചിരുന്നു. ഒരു സൈനിക ഉദ്യോഗസ്ഥനാകാനും ഇന്ത്യയെ സേവിക്കാനും റിഭു എപ്പോഴും ആഗ്രഹിച്ചിരുന്നു. ഒരു ദിവസം, ‘എനിക്ക് പട്ടാളത്തിൽ ചേരാൻ ആഗ്രഹമുണ്ട്’ എന്ന് അവൻ പറഞ്ഞപ്പോൾ അമ്മയ്ക്ക് വിഷമം തോന്നി. അമ്മയുടെ പൊന്നോമന, അമ്മയിൽ നിന്നും അകന്നുപോകുന്നതിൽ അവർക്ക് ആഗ്രഹമുണ്ടായിരുന്നില്ല. അമ്മയോട് എനിക്ക് വിശദീകരിക്കേണ്ടി വന്നു. ‘ഇത് അവന്റെ സ്വപ്നമാണെങ്കിൽ, അവൻ അതിന്റെ പിന്നാലെ പോകട്ടെ’. മനസ്സില്ലാമനസ്സോടെ, അമ്മ അവന് അനുഗ്രഹം നൽകി.

വർഷങ്ങൾക്കുള്ളിൽ, റിഭു തന്റെ എൻ.ഡി.എ പാസ്സായി, പരിശീലനത്തിനായി പോയി. അവന്റെ പാസിംഗ് ഔട്ട് പരേഡ് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഞാൻ അവന്റെ ജാക്കറ്റിൽ നക്ഷത്രങ്ങൾ ഇടുവിക്കുമ്പോൾ അദ്ദേഹം പറഞ്ഞു, ‘ദേഖോ ദീദി, ബൻ ഗയാ നാ ഓഫീസർ!’ ഞാൻ അവനെക്കുറിച്ച് ഓർത്ത് അഭിമാനിച്ചു! പക്ഷെ അതിനു ശേഷം അവനെ ഒരുപാട് കാണാൻ കിട്ടിയില്ല. രാജസ്ഥാനിലായിരുന്നു അവന്റെ ആദ്യ പോസ്റ്റിംഗ്. അവൻ തിരികെ വന്നപ്പോൾ, എനിക്ക് അവനെ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. അത്രയ്ക്ക് മാറി പോയിരുന്നു. അവൻ വല്ലാതെ മെലിഞ്ഞിരുന്നു. അവന്റെ പുറം മുഴുവൻ വെയിലേറ്റ് കരിവാളിച്ചിരുന്നു. അവന്റെ മുതുകിൽ വെളിച്ചെണ്ണ പുരട്ടി കൊടുത്തപ്പോൾ ഞാൻ കരഞ്ഞു, പക്ഷേ റിഭു പറഞ്ഞതിങ്ങനെയായിരുന്നു ‘എനിക്ക് മാത്രമായി ഒരു പ്രത്യേകതയുമില്ല. അവിടെ താമസിക്കുന്ന എല്ലാവരും ഇങ്ങനെയാണ്’. ജീവിതത്തോടുള്ള അവന്റെ മനോഭാവം അങ്ങനെയായിരുന്നു.

എന്നാൽ, നിങ്ങൾക്കൊരുകാര്യമറിയാമോ? റിഭു വീട്ടിൽ വരുമ്പോഴെല്ലാം ഞങ്ങളുടെ വീടിന് ജീവൻ വയ്ക്കുമായിരുന്നു. സ്വന്തം ഭക്ഷണം കഴിച്ച ശേഷം, എന്റെ പ്ലേറ്റിൽ നിന്ന് തട്ടിപ്പറിച്ച് കഴിക്കുന്ന ഒരു സഹോദരനായിരുന്നു അവൻ വീട്ടിൽ. അവൻ വരുമ്പോഴൊക്കെ അമ്മയായിരിക്കും ഏറ്റവും സന്തോഷവതി. തിരിച്ച് പോക്ക് ഞങ്ങൾക്ക് ഹൃദയഭേദകമായിരുന്നു. 3 വർഷം സേവനമനുഷ്ഠിച്ച റിഭുവിനെ പിന്നീട് ജെ & കെയിലെ ഡോഡ ജില്ലയിലേക്ക് നിയമിച്ചു. ഫോൺ കോളുകൾ പരിമിതപ്പെടുത്തി. ഞങ്ങൾ മിക്കവാറും അദ്ദേഹത്തിന് എഴുതുമായിരുന്നു. 2004 ജൂലൈ 20-നാണ് ഞാൻ അവസാനമായി റിഭുവിനോട് സംസാരിച്ചത്. തിരക്കിട്ട സംഭാഷണമായിരുന്നു അത്. 2 ദിവസത്തിന് ശേഷം, ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച ഒരു കോൾ ഞങ്ങൾക്ക് ലഭിച്ചു… റിഭുവിന് വെടിയേറ്റു. അമ്മ ഉടൻ തന്നെ ജമ്മുവിലേക്ക് പോയി. അവൻ അമ്മയോട് വിട പറയാൻ കാത്തിരിക്കുകയായിരുന്നു. ‘മമ്മി ഇവിടെയുണ്ട്, എല്ലാം ശരിയാകും!’ എന്ന് അമ്മ അവന്റെ കൈകളിൽ പിടിച്ച് പറഞ്ഞപ്പോൾ, അവൻ സമാധാനത്തോടെ അന്ത്യശ്വാസം വലിച്ചു. എന്റെ ലോകം തകർന്നു! അവന് 24 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

18 വർഷം മുമ്പ് ഞങ്ങൾക്ക് റിഭുവിനെ നഷ്ടപ്പെട്ടു. ഞാൻ ഇപ്പോഴും സങ്കടത്തിലാണ്. അമ്മയ്ക്ക് അവന്റെ നഷ്ടം ഉൾക്കൊള്ളാനായിട്ടില്ല. ഞങ്ങളുടെ കുടുംബം ഒരിക്കലും പഴയതുപോലെ ആയിരുന്നില്ല. ഞാനും റിഭുവും ഒരു ജീവിതം ഒരുമിച്ച് പങ്കിട്ടവരാണ്. ഇന്നും ഞാൻ എല്ലാ കാര്യങ്ങളും പങ്കുവെക്കാൻ ആഗ്രഹിക്കുന്ന ആദ്യത്തെ വ്യക്തി അവനാണ്. ഞാൻ അവനെ എല്ലാ ദിവസവും മിസ് ചെയ്യുന്നു. എന്നാൽ അതേ സമയം, അദ്ദേഹം ഇഷ്ടപ്പെട്ട രീതിയിൽ, ഇന്ത്യയെ സേവിച്ചുകൊണ്ട് മരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഷഹീദ് ലെഫ്റ്റനന്റ് റിഭു സക്സേന മാർഗ് കടക്കുമ്പോഴെല്ലാം, രക്തസാക്ഷിയുടെ സഹോദരിയായതിൽ ഞാൻ അഭിമാനിക്കുന്നു!

shortlink

Related Articles

Post Your Comments

Related Articles


Back to top button