കോഴിക്കോട് : കല്ലായിയിൽ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് ആക്രമിച്ച സംഭവത്തിൽ, അഞ്ച് പേർ അറസ്റ്റിൽ. പ്രദേശവാസികൾ ആയ അബ്ദുൽ മനാഫ്, തൗഫീഖ്, ഫിറോസ്, സിദ്ധിഖ്, സൽമാനു ഫാരിസ് എന്നിവരാണ് അറസ്റ്റിലായത്. വൈകിട്ടോടെയാണ് അഞ്ച് പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. കട്ടയാട്ട് പറമ്പ് മസ്ജിദ് നൂറാനിയയ്‌ക്ക് സമീപം താമസിക്കുന്ന യഹിയയുടെ വീടാണ് പ്രതികൾ ചേർന്ന് അടിച്ചു തകർത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
യഹിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. വീട് ആക്രമിച്ചതിന് പിന്നാലെ, യഹിയ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. എന്നാൽ, യഹിയയുടെ വീട് ആയുധങ്ങൾ ഉപയോഗിച്ച് തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ, സംഭവം വലിയ വിവാദം ആയതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
തൻറെ വീട് നിൽക്കുന്ന നാലര സെൻറ് ഭൂമിയോട് ചേർന്ന് നിർമ്മിച്ച പള്ളിയുടെ ശുചിമുറിയിലെ എക്സോസ്റ്റ് ഫാൻ തൻറെ വീടിന് അഭിമുഖമായി സ്ഥാപിച്ചത് ചോദ്യം ചെയ്ത് യഹിയ കോർപ്പറേഷനിൽ പരാതി നൽകിയിരുന്നു. കോർപ്പറേഷൻ നടത്തിയ അന്വേഷണത്തിൽ, ശുചിമുറിനിർമാണം കെട്ടിട നിർമാണ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തി. തുടർന്ന്, ശുചിമുറി പൊളിച്ചുമാറ്റാൻ കോർപ്പറേഷൻ ഉത്തരവിടുകയും ചെയ്തു. ഇതാണ് മസ്ജിദ് കമ്മിറ്റിയെ ചൊടിപ്പിച്ചത്. അതേസമയം, യഹിയയാണ് അനധികൃത നിർമ്മാണം നടത്തിയത് എന്നാണ് മസ്ജിദ് കമ്മിറ്റി ആരോപിക്കുന്നത്.
Post Your Comments