മാനന്തവാടി: സബ് ആർ.ടി.ഒ. ഓഫീസിൽ ജീവനക്കാരിയായ സിന്ധുവിന്റെ ആത്മഹത്യയിൽ വകുപ്പുതല അന്വേഷണം ഉടൻ ആരംഭിക്കും. അന്വേഷണത്തിന്റെ ഭാഗമായി ജോയിന്റ് ആർ.ടി.ഒ. വിനോദ് കൃഷ്ണയെ വിളിച്ചു വരുത്തും. ഓഫീസിലെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് സിന്ധുവിന്റെ ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഓഫീസിലെ അവസ്ഥകൾ അറിയിച്ച് സിന്ധു നേരിട്ട് പരാതി നൽകിയതായി വയനാട് ആർ.ടി.ഒ. ഇ മോഹൻ ദാസും സ്ഥിതീകരിച്ചതിനാലാണ് ജോയിന്റ് ആർ.ടി.ഒയെ വിളിച്ചു വരുത്താൻ തീരുമാനിച്ചത്.
ഓഫീസിൽ ഗ്രൂപ്പിസമുണ്ടെന്നും, സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സിന്ധു ആര്‍.ടി.ഒയോട് പരാതി നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി സിന്ധുവിന്റെ ഫോണും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് എടവക എള്ളുമന്ദം പുളിയാർമറ്റത്തിൽ സിന്ധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒമ്പത് വർഷമായി മാനന്തവാടി സബ് ആർ.ടി. ഓഫീസിലെ സീനിയർ ക്ലാർക്കാണ് സിന്ധു. എന്നാൽ, ഓഫീസിൽ സിന്ധുവുമായി ആർക്കും പ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്നായിരുന്നു മാനന്തവാടി ജോയിന്റ് ആർ.ടി.ഒയുടെ പ്രതികരണം.
Post Your Comments