ഹവായ് : ഭൂമിയില്‍ ആറാമത് കൂട്ട വംശനാശം ആരംഭിച്ചെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ തെളിവുകള്‍ പ്രകൃതിയില്‍ നിന്നും തന്നെ മനസിലാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഏറ്റവും പുതിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്, ഗവേഷകര്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രകൃതിയെ സസൂക്ഷ്മം നിരീക്ഷിച്ചാല്‍, അവിടെയുണ്ടായിരുന്ന ജൈവ വൈവിദ്ധ്യത്തിന്റെ കുറവ് മനസിലാക്കാന്‍ കഴിയുമെന്നാണ് കൂട്ടവംശനാശത്തില്‍ ഗവേഷണം നടത്തിയ ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഭൂമിയുടെ ചരിത്രത്തില്‍ അഞ്ച് കൂട്ടവംശനാശങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂമിയിലുണ്ടായിരുന്ന ജീവജാലങ്ങളെ തുടച്ചുനീക്കിയ വംശനാശങ്ങളായിരുന്നു അവ. എന്നാല്‍, പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ആറാമത്തെ വംശനാശം സംഭവിക്കുന്നതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 27,500 ജീവിവര്‍ഗ്ഗങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സൂക്ഷ്മ ജീവികള്‍ മുതല്‍ മൃഗങ്ങള്‍ വരെയുള്ളവയില്‍ ഇതിന്റെ മാറ്റം പ്രകടമാണെന്നും ഗവേഷകര്‍ പറയുന്നു.
ഹവായ് സര്‍വ്വകലാശാലയിലെ ജൈവ ശാസ്ത്രജ്ഞനായ കോവിയാണ്, കൂട്ടവംശനാശം ആരംഭിച്ചതിനെ കുറിച്ചുള്ള തെളിവുകള്‍ പ്രസിദ്ധീകരിച്ചവരില്‍ ഒരാള്‍. ജീവജാലങ്ങളുടെ കുറവിലുള്ള വര്‍ദ്ധനവ് പ്രകടമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇനി എത്ര ശ്രമിച്ചാലും, വലിയൊരു വിഭാഗം ജീവികളെ വംശനാശത്തില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയില്ലെന്നും പഠനത്തില്‍ പറയുന്നു.
നിലവില്‍, വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിലില്ലാത്ത ആയിരം ജീവി വര്‍ഗങ്ങളെ എടുത്താല്‍, അതില്‍ മൂന്നിലൊന്നിന്റെയും എണ്ണം അതിവേഗം കുറഞ്ഞുവരുന്നതായാണ് ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്.
Post Your Comments