ന്യൂയോര്‍ക്ക് : കാലാവസ്ഥ ആകെ മാറുകയാണ്. കൊടുംചൂടും തീക്കാറ്റും വെള്ളപ്പൊക്കവും.. ഇങ്ങനെ ജനങ്ങള്‍ക്ക് തീരാനഷ്ടം നല്‍കി കൊണ്ടാണ് ഒരോതവണയും കാലാവസ്ഥ മാറി വരുന്നത്. ഇങ്ങനെ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റത്തിന്റെ ഞെട്ടലിലാണ് ലോകം. കാലാവസ്ഥ അത്രയധികം മാറിയിരിക്കുന്നു.
കാലാവസ്ഥ വ്യതിയാനത്തിലെ ഈ മാറ്റത്തിനു പിന്നില്‍ മനുഷ്യര്‍ തന്നെയാണ് കാരണക്കാര്‍. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ശാസ്ത്രലോകം ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതുമാണ്. എന്നാല്‍ അന്നൊന്നും ഇതിനെ കുറിച്ച് വേണ്ടത്ര ഗൗനിച്ചിരുന്നില്ല. രണ്ടു ദശാബ്ദത്തിനകം ആഗോള താപനത്തെ ഫലപ്രദമായി പിടിച്ചു നിര്‍ത്താനായില്ലെങ്കില്‍ പിന്നീടൊരിക്കലും അക്കാര്യത്തെപ്പറ്റി ആലോചിക്കുകയേ വേണ്ടെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. പരമാവധി 2035, അതിനോടകം ആഗോളപതാപനത്തിന്റെ തോത് ഗണ്യമായി കുറച്ചേ മതിയാകൂ. ഇതിനു ശേഷം എന്തൊക്കെ ചെയ്താലും കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്നുള്ള ദുരന്തങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ യാതൊരു വഴിയുമുണ്ടാകില്ലെന്നും ഗവേഷകര്‍ പറയുന്നു. കൊടുംചൂടുമായി തീക്കാറ്റും പിന്നെ വെള്ളപ്പൊക്കവുമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും മാരകമായ ദൂഷ്യഫലങ്ങളെന്നും മുന്നറിയിപ്പുണ്ട്.
read also : കാലാവസ്ഥ മുന്നറിയിപ്പുമായി യുഎഇ
പാരിസില്‍ ഒപ്പിട്ട ലോക കാലാവസ്ഥാ ഉടമ്പടി പ്രകാരം 2100 ആകുമ്പോഴേക്കും ആഗോളതാപനം രണ്ടു ഡിഗ്രി സെല്‍ഷ്യസിനു താഴേക്ക് എത്തിക്കണമെന്നാണ്. ഇതുള്‍പ്പെടെയുള്ള എല്ലാ ലക്ഷ്യങ്ങളിലേക്കും എത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഒട്ടും അമാന്തം വേണ്ടെന്നും ഹോളണ്ടിലെ യുട്രാക്ട് സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് സിസ്റ്റംസ് സ്റ്റഡീസും ഓക്‌സ്ഫഡ് സര്‍വകലാശാലയും സംയുക്തമായി നടത്തിയ പഠനത്തില്‍ പറയുന്നു. ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനമാണ് ആഗോളതാപനത്തിനുള്ള ഏറ്റവും വലിയ കാരണം.
വാഹനങ്ങള്‍, വീടുകള്‍, വ്യവസായശാലകള്‍ എന്നിവിടങ്ങളില്‍ നിന്ന് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും നടപടികളുണ്ടാകണം. അല്ലെങ്കില്‍ പാരിസ് ഉടമ്പടിയെയും അത് ബാധിക്കും. ഉടമ്പടി പ്രകാരം 2100 ആകുമ്പോഴേക്കും രണ്ടു ഡിഗ്രി സെല്‍ഷ്യസിനു താഴെ ആഗോളതാപന തോത് എത്തിക്കണമെന്നാണ്. എന്നാല്‍ 2035നകം അടിയന്തര നടപടിയെടുത്തില്ലെങ്കില്‍ പിന്നെ പാരിസ് ഉടമ്പടിയെപ്പറ്റി ആലോചിക്കുക പോലും വേണ്ടെന്നും ഗവേഷകര്‍ പറയുന്നു.
Post Your Comments