ബംഗളൂരു: ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരി പുറത്തുവിട്ട വീഡിയോ സംബന്ധിച്ച് കർണാടക സർക്കാർ അന്വേഷണം ആരംഭിച്ചു. കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം വിലക്കിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ അല്ലാഹു അക്ബർ വിളിച്ച് പ്രതിരോധിച്ച മുസ്ലിം പെൺകുട്ടിയെ അനുമോദിച്ചുകൊണ്ടുള്ള വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.
വീഡിയോയുടെ ഉറവിടത്തെക്കുറിച്ചും അതിന് പിന്നിലുള്ളവരെക്കുറിച്ചും ആഭ്യന്തര വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. ശിരോവസ്ത്ര വിവാദത്തിൽ സർക്കാർ ആദ്യംമുതൽ പറഞ്ഞ കാര്യങ്ങൾ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന വീഡിയോയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശിരോവസ്ത്ര വിലക്ക് ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിൽ, വിവാദത്തിനു പിന്നിൽ അദൃശ്യ കരങ്ങളുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും ഇക്കാര്യം ശരിയാണെന്ന് അൽ ഖ്വയ്ദ തലവന്റെ വീഡിയോയിലൂടെ വ്യക്തമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കുട്ടികൾ അത്തരത്തിൽ പ്രതികരിക്കുന്നത് അസാധാരണ സംഭവമാണെന്നും അരഗ ജ്ഞാനേന്ദ്ര കൂട്ടിച്ചേർത്തു.
Post Your Comments