
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത് സംബന്ധിച്ച്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് സതീശന്‍ കത്തയച്ചു. കോര്‍പറേറ്റ് താൽപര്യങ്ങള്‍ സംരക്ഷിക്കുകയും അഴിമതി നടത്തുകയും മാത്രമാണ് സിൽവർ ലൈന്‍ പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് സതീശൻ ആരോപിച്ചു.
ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര നിലപാടില്‍ നിന്ന് വ്യതിചലിച്ച്, തീവ്ര വലതുപക്ഷ നിലപാടുകളാണ് കേരളത്തിലെ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സതീശൻ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ള കേരളത്തിന് രണ്ടു ലക്ഷം കോടിയിലധികം രൂപ ചെലവു വരുന്ന സില്‍വര്‍ ലൈന്‍ പദ്ധതി താങ്ങാനാകില്ലെന്നും കത്തിൽ പറയുന്നു.
പദ്ധതിമൂലം പാരിസ്ഥിതികമായും സാമൂഹികമായും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും സാധാരണക്കാരന്റെ ആശ്രയമായ പൊതു ഗതാഗത സംവിധാനത്തിന്റെ ചിലവ് കൂടുമെന്നും സതീശൻ പറയുന്നു. മുബൈ–അഹമ്മദാബാദ് അതിവേഗ റെയില്‍ പാതയെ എതിര്‍ത്ത സിപിഎം, സില്‍വര്‍ലൈന്‍ പദ്ധതിയെ പിന്തുണയ്ക്കുന്നത് എങ്ങനെയെന്നും സതീശൻ കത്തിൽ ചോദിച്ചു.
Post Your Comments