തിരുവനന്തപുരം: കലയുടെ ലേബലിൽ വരുന്നതെല്ലാം കലയാണെന്ന് ധരിക്കരുതെന്ന് നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേം കുമാർ. കലയുടെ പേരിൽ ചില കള്ളനാണയങ്ങളും മലയാളികളുടെ സാംസ്കാരിക ലോകത്തേക്ക് കടന്നു വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സീരിയലുകളെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വർത്തമാനകാല ടെലിവിഷൻ സീരിയലുകൾ ജീവിതത്തെ ഒരു കെട്ടുകാഴ്ചയാക്കിയാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൗമുദി ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞാൻ സീരിയൽ വിരുദ്ധനൊന്നുമല്ല. സീരിയലുകൾ മുഴുവൻ നിരോധിക്കണം എന്നൊന്നുമില്ല. പക്ഷെ, സമീപ കാലത്തുള്ള പല സീരിയലുകളും ആളുകളെ ചൂളിപ്പിക്കുന്ന രീതിയിലുള്ളവയാണ്. മലയാളികളുടെ യുക്തിയെയും സാംസ്കാരിക രീതികളെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള സീരിയലുകളാണ് ഇപ്പോൾ ഉള്ളത്. അത് നമ്മുടെ ഭാഷയ്ക്ക് ഏൽപ്പിക്കുന്ന മുറിവ് വലുതാണ്. അത്തരം സീരിയലുകൾ എൻഡോസൾഫാനെ പോലെ മാരകമാണ്. സീരിയലുകൾ കണ്ട് വളരുന്ന പുതിയ തലമുറ അപകടകരമായ ജീവിത രീതിയിലേക്കാണ് നീങ്ങുന്നത്. പത്ത് വർഷത്തോളമായി ഞാൻ സീരിയലിൽ അഭിനയിച്ചിട്ട്. അത്തരം സീരിയലുകളിൽ അഭിനയിക്കാതിരിക്കുക എന്നത്, വരും തലമുറയോട് ഞാൻ ചെയ്യുന്ന നന്മ ആണ്. പല സീരിയലുകളും മോശമാണ്. അല്പം പാളി പോയാൽ എല്ലാം പ്രശ്നമാകും. ഇത്തരം കലയെ സമീപിക്കുമ്പോൾ അതിന്റേതായ ഉത്തരവാദിത്വം ഉണ്ടായിരിക്കണം’, പ്രേം കുമാർ പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇരയ്ക്ക് നീതി നിഷേധിക്കുന്ന സമൂഹത്തിൽ ജീവിക്കുന്നത് തന്നെ അപമാനം എന്നാണ് താൻ കരുതുന്നതെന്നും പ്രേം കുമാർ വ്യക്തമാക്കി. ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ട് സർക്കാർ പുറത്തുവിടാത്തത്, കേസിൽ മൊഴി നൽകിയ ആൾക്കാരുടെ സ്വകാര്യതയെ കരുതിയാകാമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments