
കോഴിക്കോട്: ഫോട്ടോഷൂട്ടിനിടെ നവവരന്‍ മുങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടം നടന്ന ജാനകിക്കാട് പുഴയുടെ മനസ്സറിയാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇക്കോ ടൂറിസം മേഖലയിലാണ് ജാനകിപ്പുഴ. ഇവിടെ വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും ജലപ്രവാഹം പതിവാണ്. വളരെ പെട്ടെന്ന് ജലനിരപ്പുയരുകയും താഴുകയും ചെയ്യും. ചില നേരങ്ങളിൽ പുഴ മുറിച്ചു കടക്കാനാവും. അതേ സമയത്തു തന്നെ, പെട്ടെന്നു വെള്ളപ്പൊക്കവും ഉണ്ടാകും. അതുകൊണ്ടു തന്നെ, ചതിയൻ പുഴയെന്നാണ് ജാനകിക്കാട് പുഴയെ അറിയപ്പെടുന്നത്.
അടിയിൽ ഉരുളൻ കല്ലുകളാണ്. അതിനിടയിൽ വലിയ ചുഴികളുമുണ്ട്. കല്ലിൽ കയറി നിൽക്കുമ്പോൾ കാൽ വഴുതി ചുഴിയിൽ വീണ് പണ്ടും അപകടങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, ടൂറിസ്റ്റ് പ്രദേശമായ ഇവിടെ പ്രത്യേകിച്ച് മുന്നറിയിപ്പ് ബോർഡുകളോ അപായ സൂചനകളോ ഒന്നും തന്നെ ഇല്ലെന്ന് നേരത്തെ പരാതി ഉയർന്നിട്ടുണ്ട്. കാഴ്ച്ചഭംഗി കൊണ്ട് ആരുടെയും മനംമയക്കുന്ന പുഴ, ശാന്തമായി ഒഴുകുന്നതിനിടെ പെട്ടെന്ന് രൗദ്രഭാവം കൈവരിക്കും. കരയിൽ നിന്ന് നോക്കുമ്പോൾ ശാന്തയായ ജാനകിക്കാട് പുഴയിലേക്കിറങ്ങിയ പലരേയും പുഴ തന്റെ ഓളങ്ങളാൽ അടിത്തട്ടിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയിട്ടുണ്ട്.
ഒരു നോട്ടത്തിൽ പുഴയുടെ ഒഴുക്ക് നമുക്ക് മനസിലാകില്ല. ഇറങ്ങിക്കഴിഞ്ഞാൽ മാത്രമാണ്, പുഴയുടെ യഥാർത്ഥ മട്ടുംഭാവവും മനസിലാവുക. വളരെ പെട്ടെന്ന് വേലിയേറ്റം ഉണ്ടാകുന്ന പുഴയാണ് ജാനകിക്കാട് പുഴയെന്നും നാട്ടുകാർ പറയുന്നു. മാത്രമല്ല, പുഴയിൽ ഇറങ്ങുന്നവരെ കാത്ത് വലിയ ചുഴികളും പുഴയിലുണ്ട്. ഇതും അപകട സാധ്യതയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നുണ്ട്. പ്രദേശത്തിന്റെ സൗന്ദര്യം കണക്കിലെടുത്ത് വിവാഹ ഫോട്ടോ ഷൂട്ടിനും വിനോദസഞ്ചാരത്തിനുമൊക്കെയായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. പുഴയെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തവർ പുഴയിൽ ഇറങ്ങുന്നതും അപകട സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
റെജിലാലിനും കനികയ്ക്കും സംഭവിച്ചത്:
പഠനകാലം മുതലുള്ള പ്രണയത്തിനൊടുവിലാണ് റെജിലാലും കനികയും വിവാഹിതരായത്. മാർച്ച് 15ന് നടന്ന വിവാഹത്തെ തുടർന്ന്, ഞായറാഴ്ച മീന്തുളളിപ്പാറയിൽ ഇവർ ഫോട്ടോഷോട്ടിനെത്തിയിരുന്നു. ഫോട്ടോഷൂട്ട് കഴിഞ്ഞ് മടങ്ങിയ ശേഷം, ഒന്നുകൂടി അവിടം കാണാനും ആ മനോഹാരിത കുടുംബക്കാരോടൊപ്പം ആസ്വദിക്കാനും എത്തിയപ്പോഴാണ് ഇന്നലെ, അപ്രതീക്ഷിത ദുരന്തമുണ്ടായത്. 28കാരനായ റെജിലാൽ ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.
നൃത്ത അധ്യാപികയായ കനികയും റെജിയും തമ്മിലുണ്ടായിരുന്ന ദീർഘ നാളത്തെ പ്രണയത്തിനൊടുവിൽ, വിവാഹം കഴിച്ച് ദിവസങ്ങൾ മാത്രമാകുമ്പോഴാണ് റെജിയുടെ ദാരുണ മരണം. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. മൊബൈൽ ഫോണിൽ ചിത്രം പകർത്തുന്നതിനിടെ, കനികയുടെ കാൽവഴുതുകയും വീഴാതെ പിടിക്കാൻ ശ്രമിച്ചപ്പോൾ ഇരുവരും ഒഴുക്കിൽപ്പെടുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടമുണ്ടായതിന് പിന്നാലെ, ബന്ധുക്കളുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് റെജിലാലിൻറെ ഭാര്യയെ രക്ഷപ്പെടുത്തിയത്.
റെജിലാലിനെ പുഴയിൽ നിന്ന് കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇരുവരെയും, പന്തീരങ്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും റെജിയുടെ ജീവൻ രക്ഷിക്കാനായില്ല. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട്, മലബാർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ചങ്ങരോത്ത് കടിയങ്ങാട്ടെ കുളപ്പുറത്ത് കൃഷ്ണദാസിന്റെയും രജനിയുടേയും മകനാണ് റെജി. ഗൾഫിലുളള സഹോദരൻ രഥുലാൽ എത്തിയ ശേഷം സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. മലബാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കനികയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.
Post Your Comments