KeralaLatest NewsIndia

ശീതീകരിച്ച മുറിയിൽ പിണറായി പൗരപ്രമുഖരെ കണ്ടതുപോലെ അല്ല, നേരിട്ടാണ് ജനങ്ങൾക്കിടയിൽ ചെന്നത് : വി മുരളീധരൻ

'നാടിൻ്റെ പുരോഗതിക്കായി ആണോ, കിടപ്പാടം കവർന്നെടുക്കാൻ ആണോ കെ-റയിൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത്?'

തിരുവനന്തപുരം : പാർലമെൻറ് പാസാക്കിയ നിയമത്തിനെതിരെ സമരം ചെയ്യുന്നതും സംസ്ഥാനത്തിലെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണറെ അധിക്ഷേപിക്കുന്നതും എന്ത് ഫെഡറൽ തത്വങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്ന്
സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.

ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ, കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളെ താൻ നേരിട്ട് കാണാൻ പോകുന്നതിന് സിപിഎമ്മിന് എന്താണ് ഇത്ര അസ്വസ്ഥതയെന്നും അദ്ദേഹം ആരാഞ്ഞു. നാടിൻ്റെ പുരോഗതിക്കായി ആണോ, കിടപ്പാടം കവർന്നെടുക്കാൻ ആണോ കെ-റയിൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്ന് കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്നും മുരളീധരൻ പറഞ്ഞു.

ശീതീകരിച്ച മുറിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൗരപ്രമുഖരെ കണ്ടതുപോലെ അല്ല, മറിച്ച് താൻ നടന്നാണ് കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കകൾ അറിയാൻ ജനങ്ങളുടെ ഇടയിൽ ചെന്നത് എന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ തത്വങ്ങൾ എന്ന ഉമ്മാക്കി കാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്നും ഇനിയും ജനങ്ങൾക്കിടയിൽ ഇറങ്ങി ചെന്ന് പ്രവർത്തിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു .

കമ്മ്യൂണിസ്റ്റ് നേതാക്കൾ എല്ലായിപ്പോഴും അവരുടെ താൽപ്പര്യങ്ങൾ എതിർക്കുന്നവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് പതിവ് രീതിയാണ്. സമരത്തിന് മുന്നിൽ നിൽക്കുന്ന ജനങ്ങൾ കമ്മ്യൂണിസ്റ്റുകാർക്ക് തീവ്രവാദികളാണ്. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് നടക്കുന്ന സമരം വിമോചന സമരം എന്നാണ് മുദ്ര കുത്തിയത്. ഇത് ഇപ്പോഴൊന്നും തുടങ്ങിയതല്ല.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം തന്നെ അവരുമായി യോജിക്കാത്തവർക്കെതിരെ അധിക്ഷേപ വാക്കുകൾ ചൊരിയുക എന്നതാണ്. സുഭാഷ് ചന്ദ്രബോസിനെ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കി എന്ന് വിളിച്ച ആളുകൾ, തനിക്കെതിരെ വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും മുരളീധരൻ പറഞ്ഞു. ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച്, ജനങ്ങളുമായി ബന്ധപ്പെടുന്നതിൽ നിന്ന് തന്നെ അകറ്റിനിർത്താൻ കഴിയുമെന്ന് സിപിഎം ധരിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button