Latest NewsIndia

‘യെച്ചൂരി എന്താണ് രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന് പറയാതെ മികച്ച ബിജെപി ഇതര മുഖ്യമന്ത്രി എന്ന് പറഞ്ഞത്?’

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ പുകഴ്ത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ബിജെപി ഇതര മുഖ്യമന്ത്രിമാരിൽ ഏറ്റവും സ്വീകാര്യനായ നേതാവ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവനക്കെതിരെയാണ് സന്ദീപ് രംഗത്തെത്തിയത്. ‘എന്റെ സംശയം അതല്ല. യെച്ചൂരി എന്തു കൊണ്ടാണ് രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന് പറയാതെ ഏറ്റവും മികച്ച ബിജെപി ഇതര മുഖ്യമന്ത്രി എന്ന് പറഞ്ഞത്???’ – എന്നാണ് സന്ദീപിന്റെ ചോദ്യം.

കഴിഞ്ഞ ദിവസം, തമിഴ്നാട് 23-ാം പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു യെച്ചൂരിയുടെ പരാമർശം. ഫെഡറലിസം, സാമൂഹിക നീതി, ഇന്ത്യയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ സ്റ്റാലിന്റെ നേതൃത്വത്തിൽ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്നായിരുന്നു യെച്ചൂരിയുടെ അഭ്യർത്ഥന.

അടൽ ബിഹാരി വാജ്പേയിക്കു ശേഷം മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായി പത്ത് വർഷം തുടർന്നതു പോലെ, അടുത്ത പാർലമെന്ററി തിരഞ്ഞെടുപ്പിനു ശേഷം നരേന്ദ്ര മോദിക്ക് ബദലായി പുതിയ നേതാവ് ഉയർന്നു വരുമെന്നും യെച്ചൂരി പറഞ്ഞു. വാജ്‌പേയിയെ പോലെ, മോദി സർക്കാറിനെ പുറത്താക്കി പുതിയ ജനാധിപത്യ സെക്യുലർ സർക്കാർ അധികാരത്തിലെത്തുമെന്നും യെച്ചൂരി പറഞ്ഞു.

തമിഴ്നാട്ടിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) മതനിരപേക്ഷ, ജനാധിപത്യ ശക്തികൾക്കൊപ്പം ചേർന്ന് ബിജെപിയെയും എഐഎഡിഎംകെയെയും പരാജയപ്പെടുത്തിയതിനെ കുറിച്ചു പറഞ്ഞ യെച്ചൂരി, ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയും ബിഹാറിൽ രാഷ്ട്രീയ ജനതാ ദളും ബിജെപിയെ പരാജയപ്പടുത്തി അടുത്ത സർക്കാർ രൂപീകരിക്കാൻ ധാരണയുണ്ടാക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button