കോയമ്പത്തൂര്‍: കോളേജിലെ ഫീസടയ്ക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ മോഷണത്തിനും പിടിച്ചുപറിക്കുമിറങ്ങി വിദ്യാര്‍ത്ഥികള്‍. കോയമ്പത്തൂരിലാണ് സംഭവം. ജില്ലയിലെ സ്വകാര്യ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് പോലീസിന്റെ പിടിയിലായത്. തിരുപ്പൂര്‍ വീരപാണ്ടി പിരിവിലെ കെ പ്രകാശ് (19), കോയമ്പത്തൂര്‍ പിഎന്‍ പൂതൂരിലെ തമിഴ് എന്ന് വിളിക്കുന്ന കെ തമിഴ് സെല്വന് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും, സ്വര്‍ണമാലകളും പിടിച്ചുപറി നടത്താനുപയോഗിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു.
രണ്ട് തവണ നടത്തിയ പിടിച്ചുപറിയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച്, കോളേജിലെ ഫീസ് അടച്ചതായും ഇവര്‍ പറഞ്ഞു. പ്രകാശ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും തമിഴ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമാണ്.
മാര്‍ച്ച് 15ന്, എസ്ഐഎച്ച്എസ് കോളനിയിലെ രാജാത്തിയുടെ നാല് പവന്റെ മാല, ബൈക്കിലെത്തി പൊട്ടിച്ചെടുത്ത് ഇരുവരും രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍, കേസെടുത്ത് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്ന്,ഫെബ്രുവരി 25ന് ജിപി റസിഡന്‍സിക്ക് സമീപത്ത് നിന്ന് എഴുപതുകാരിയുടെ നാല് പവന് ആഭരണവും കവര്‍ന്നതും ഇവരാണെന്ന് സ്ഥിരീകരിച്ചു.
‘പിടിച്ചുപറിച്ച മാലകള്‍ അമ്മയുടേതാണെന്ന് പറഞ്ഞ് പ്രകാശ് ഒരു കൂട്ടുകാരന് കൈമാറുകയും തുടര്‍ന്ന്, അയാള്‍ വഴി ഒരു ലക്ഷം രൂപ സംഘടിപ്പിച്ച ശേഷം, കോളേജിലെ ഫീസ് അടയ്ക്കുകയുമായിരുന്നു’, – അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് പറഞ്ഞു.
Post Your Comments