Latest NewsIndiaInternational

റഷ്യൻ വിദേശകാര്യമന്ത്രി ഇന്ന് ഇന്ത്യയിൽ: യുദ്ധം അവസാനിപ്പിക്കാൻ മോദി ഇടപെടണമെന്ന് ഉക്രൈൻ

ഇന്ത്യ ഇടപെടണമെന്നും പ്രധാനമന്ത്രി മോദിക്ക് സമ്മതമെങ്കിൽ, ഞങ്ങൾ അദ്ദേഹത്തിന്റെ ശ്രമങ്ങൾ സ്വാഗതം ചെയ്യുമെന്നും യുക്രെയ്ൻ

ന്യൂഡൽഹി : റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ് 2 ദിവസത്തെ സന്ദർശനത്തിന് ഇന്ന് ഇന്ത്യയിലെത്തും. കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്നു ക്രൂഡ് ഓയിൽ വാങ്ങുന്നതും ഉഭയകക്ഷി വ്യാപാരത്തിന് രൂപ–റൂബിൾ ഇടപാടു സംവിധാനം രൂപപ്പെടുത്തുന്നതുമാണ് മുഖ്യ ചർച്ചാ വിഷയങ്ങൾ. യുക്രെയ്ൻ സംഘർഷം ആരംഭിച്ചശേഷം, ഇതാദ്യമാണ് ലാവ്‌റോവിന്റെ സന്ദർശനം. യുഎസും യൂറോപ്യൻ രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധമേർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി വ്യാപാരബന്ധം ശക്തമാക്കാനാണു റഷ്യയുടെ നീക്കം.

ഇതിനിടെ, റഷ്യയുമായി ഇന്ത്യ പുലർത്തിവരുന്ന മികച്ച ബന്ധം ഉപയോഗിച്ചു യുദ്ധം അവസാനിപ്പിക്കാനും, ജനങ്ങളെ രക്ഷിക്കാനും അഭ്യർത്ഥിച്ച്‌ യുക്രെയ്ൻ രംഗത്തെത്തി. റഷ്യയും യുക്രെയ്‌നുമായുള്ള മധ്യസ്ഥ ചർച്ചകൾക്ക്, ഇന്ത്യ ഇടപെടണമെന്നും പ്രധാനമന്ത്രി മോദിക്ക് സമ്മതമെങ്കിൽ, ഞങ്ങൾ അദ്ദേഹത്തിന്റെ ശ്രമങ്ങൾ സ്വാഗതം ചെയ്യുമെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ അറിയിച്ചു.

ഇന്ത്യയ്ക്ക്, റഷ്യയുടെ മേലെയുള്ള സ്വാധീനം ഉപയോഗിച്ചു യുദ്ധം തടയാൻ മുൻകൈയെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എന്നാൽ, യുക്രെയ്ൻ പ്രതിസന്ധി നയതന്ത്ര ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി 3 തവണയും യുക്രെയ്ൻ പ്രസിഡന്റ് വൊളോ‍ഡിമിർ സെലെൻസ്കിയുമായി 2 തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button