തിരുവനന്തപുരം: സമൂഹത്തിൽ സ്ത്രീകൾ പുരുഷന്മാർക്കൊപ്പമെത്തിയാൽ ഒരു പരിധി വരെ അക്രമങ്ങളും അടിച്ചമർത്തലുകളും ഇല്ലാതെയാക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക സ്വയംപര്യാപ്തതയില്ലായ്മ ഒരു പരിധിവരെ സമൂഹത്തിൽ സ്ത്രീകൾക്ക് വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നും, ഈ പ്രതിസന്ധിയെ സ്ത്രീപക്ഷ നവകേരളം എന്ന ആശയം ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ തരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:ഐപിഎല്ലില്‍ ആദ്യ ജയം തേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഇന്നിറങ്ങും
‘തൊഴില്‍ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിലൂടെ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 24-ല്‍നിന്ന് 50 ശതമാനമാക്കി ഉയര്‍ത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 40 ലക്ഷം പേര്‍ക്ക് തൊഴിലൊരുക്കും. ഇതില്‍ 20 ലക്ഷം നൂതന മേഖലകളിലായിരിക്കും. അഭൂതപൂര്‍വമായ ഈ തൊഴിലവസര സൃഷ്ടിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ വനിതകളായിരിക്കും’, മുഖ്യമന്ത്രി പറഞ്ഞു.
‘നിയമപരവും സാമൂഹികവുമായ സുരക്ഷ ഒരുക്കലിനൊപ്പം സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കും സ്ത്രീകളെ നയിക്കണം. അങ്ങനെയായാല്‍ മാത്രമേ സ്ത്രീ-പുരുഷ സമത്വം പൂർണ്ണമാകൂ. ഇത് ഉറപ്പുവരുത്താനാണു സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തം ഉയര്‍ത്തുന്നതിനും വരുമാനമാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.
സ്ത്രീ മുന്നേറ്റത്തിനുള്ള സാമ്പത്തിക കരുത്തു പകരുന്നതാണ് ജെന്‍ഡര്‍ ബജറ്റ്. ജെന്‍ഡര്‍ ബജറ്റിലെ അടങ്കല്‍ 4665 കോടിയായി വര്‍ധിപ്പിച്ചു. സംസ്ഥാനത്തിന്റെ ആകെ പദ്ധതി വിഹിതത്തിന്റെ 20.9 ശതമാനമാണിത്’, മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
Post Your Comments