മുംബൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ മൊയീൻ അലി ക്വാറന്റീൻ പൂർത്തിയാക്കി. ഇതോടെ, രണ്ടാം മത്സരത്തിൽ മൊയീൻ അലി കളിക്കും. വിസ വൈകിയതിനാൽ ആദ്യ മത്സരത്തിന് മുമ്പ്, മുംബൈയിലെത്തിയെങ്കിലും മൂന്ന് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീൻ കാരണം കൊൽക്കത്തയ്ക്കെതിരായ ആദ്യ മത്സരത്തില്‍ മൊയീൻ അലിക്ക് കളിക്കാനായിരുന്നില്ല.
പുതിയ നായകന് രവീന്ദ്ര ജഡേജയുടെ കീഴിലിറങ്ങിയ മത്സരത്തിൽ ചെന്നൈ ആറ് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു. മൊയീൻ അലി ടീമിലെത്തുമ്പോൾ കഴിഞ്ഞ മത്സരത്തിൽ കളിച്ച മിച്ചൽ സാന്റനർക്കാവും സ്ഥാനം നഷ്ടമാവുക. ഐപിഎല്‍ 15-ാം സീസണിലെ താരലേലത്തിന് മുമ്പ് ചെന്നൈ ഏഴ് കോടി രൂപയ്ക്ക് ടീമിൽ നിലനിർത്തിയ താരമാണ് ഇംഗ്ലണ്ട് ഓൾറൗണ്ടറായ മൊയീന്‍ അലി.
ടീമിനൊപ്പം ചേര്‍ന്ന മൊയീന്‍ അലിയെ മുന്‍ നായകന് എംഎസ് ധോണി അടക്കമുള്ള താരങ്ങള്‍ വരവേറ്റു. അതിനിടെ, ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ഡ്വെയ്ൻ പ്രിട്ടോറിയസും ക്വാറന്റീൻ പൂർത്തിയാക്കിയത് ചെന്നൈക്ക് ആശ്വാസമാണ്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ, വ്യാഴാഴ്ച കെഎൽ രാഹുൽ നായകനായ ലഖ്നൗ സൂപ്പർ ജയന്റ്സിനെയാണ് നേരിടുക.
Post Your Comments