ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എയുടെ മകനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ ബലാത്സംഗ പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജ്ഗഡ് – അൽവാർ എം.എൽ.എ ജോഹാരി ലാൽ മീണയുടെ മകൻ ദീപക് മീണയ്ക്ക് എതിരെയാണ് 15 വയസുകാരി പോലീസിൽ പരാതി നൽകിയത്. ദീപക് മീണയ്ക്കും മറ്റ് നാല് പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പരാതി നൽകിയ പെൺകുട്ടി രംഗത്ത്.
തന്നെ ബലാത്സംഗം ചെയ്തവരെ തൂക്കിലേറ്റണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. അവരെ വെറുതെ വിട്ടാൽ, മറ്റ് പെൺകുട്ടികൾക്ക് നേരെയും ഈ സംഭവം ആവർത്തിക്കുമെന്ന് പെൺകുട്ടി ഇന്ത്യാ ടുഡേയോട് പറഞ്ഞു. പെൺകുട്ടിയുടെ പരാതി സത്യമാണെന്നാണ് വീട്ടുകാരും പറയുന്നത്. പെൺകുട്ടിയുടെ നഗ്നവീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി, 15 ലക്ഷം രൂപയും പണവും ആഭരണങ്ങളും പ്രതികൾ തട്ടിയെടുത്തതായും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. കേസ് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കുടുംബം വ്യക്തമാക്കി.
Also Read:നിർഭയ സെല്ലിൽ പ്രോഗ്രാം കോ-ഓർഡിനേറ്ററിലേക്ക് ഒഴിവ്: യോഗ്യതകൾ അറിയാം
‘ഞാൻ വിവേകിനെ (പ്രതികളിൽ ഒരാൾ) പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ ആയിരുന്നു. സ്കൂളിൽ എന്റെ കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ സഹോദരനാണ് അയാൾ. അദ്ദേഹം എന്നെ ദീപക് മീണയെ പരിചയപ്പെടുത്തി. ഒരു ദിവസം ഇവർ എന്നെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. ഈ ഹോട്ടലിൽ വെച്ച് അവരെന്റെ വീഡിയോ എടുത്തു. ഇത് വെച്ച് പിന്നീട് അവരെന്നെ ഭീഷണിപ്പെടുത്തി’, പെൺകുട്ടി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടൽ മുറിയിൽ എത്തിച്ച് മയക്കുമരുന്ന് നൽകി ബോധരഹിതയാക്കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. പീഡനവിവരം പുറത്തു പറഞ്ഞാൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പോലീസിന് നൽകിയ പരാതിയിൽ പതിനഞ്ചുകാരി വ്യക്തമാക്കി.
Also Read:ഖത്തർ ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ പോർച്ചുഗൽ ഇന്നിറങ്ങും
നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് (എൻസിപിസിആർ), സംസ്ഥാന വനിതാ കമ്മീഷൻ അംഗങ്ങൾ തിങ്കളാഴ്ച ദൗസയിൽ എത്തി പെൺകുട്ടിയെ സന്ദർശിച്ചു. പോലീസ് വിഷയത്തിൽ ശരിയായ അന്വേഷണം നടത്തുന്നില്ലെന്നും അട്ടിമറി തന്ത്രങ്ങൾ പയറ്റുകയാണെന്നും എൻ.സി.പി.സി.ആർ ആരോപിച്ചു.
‘ഞങ്ങൾ പെൺകുട്ടിയുമായി സംസാരിച്ചു. അവരെ പ്രതികൾ ഭീഷണിപ്പെടുത്തുന്നതായി ഞങ്ങൾക്ക് വ്യക്തമായി. കേസ് നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഇതുവരെ ഞങ്ങളെ കണ്ടിട്ടില്ല’, എൻ.സി.പി.സി.ആർ മേധാവി പ്രിയങ്ക് കനൂംഗോ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് ജില്ലാ പോലീസ് അറിയിച്ചു. പ്രതികളെ ഉടൻ തന്നെ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച ദൗസയിലെ മഹുവയിലെ ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
Post Your Comments