ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം യുവാവിനെ അയല്‍ക്കാര്‍ തല്ലിക്കൊന്നതായി റിപ്പോർട്ട്. കുശിനഗര്‍ ജില്ലയില്‍ മാര്‍ച്ച് 20ന് നടന്ന സംഭവത്തിൽ ഇരുപത്തിയഞ്ചുകാരനായ ബാബര്‍ അലിയാണ് ക്രൂരമായ മർദ്ദനമേറ്റ് മരിച്ചത്. അയല്‍വാസികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാബര്‍ അലി, ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സംഭവത്തില്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ പങ്കെടുത്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ബിജെപിയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബാബർ അലിയുമായി അയല്‍വാസികള്‍ സ്ഥിരം വഴക്കിടാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മാര്‍ച്ച് 10ന് ബിജെപിയുടെ വിജയാഘോഷത്തിൻറെ ഭാഗമായി ബാബര്‍ മധുരം വിതരണം ചെയ്തിരുന്നു. ഇതിനെത്തുടർന്ന്, ചെറിയ തർക്കം നിലനിന്നിരുന്നതായും ബിജെപിയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് പറഞ്ഞ് അയല്‍വാസികള്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.
Post Your Comments