തിരുവനന്തപുരം: പണിമുടക്കിനെതിരായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഡയസ്നോൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരും ചൊവ്വാഴ്ച ജോലിക്ക് എത്തണമെന്നും അവശ്യസാഹചര്യത്തിൽ അല്ലാതെ ആർക്കും അവധി അനുവദിക്കില്ലെന്നും വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ അവശ്യ സർവ്വീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ഹൈക്കോടതി ഉത്തരവിൻ്റെ പകർപ്പ് ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇതിന് പിന്നാലെ, ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ സാധിക്കില്ലെന്നും ഇത്തരം സാഹചര്യത്തിൽ സർക്കാർ കൈയും കെട്ടി നോക്കി നിൽക്കരുതെന്നും നേരത്തെ, ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരള സർവ്വീസ് ചട്ട പ്രകാരം സർക്കാറിന്‍റെ നയങ്ങൾക്കെതിരെ സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്. തുടർന്ന്, പണിമുടക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ച് തിങ്കളാഴ്ച തന്നെ ഉത്തരവിറക്കാൻ സർക്കാറിന് നിർദ്ദേശം നൽകുകയായിരുന്നു.
Post Your Comments