കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി റെയിൽ ഗതാഗതത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ച സമരക്കാരെ ട്രെയിൻ തട്ടി. സി.ഐ.ടി.യു യൂണിയൻ അംഗങ്ങളായ രണ്ട് പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
രാവിലെയാണ് സംഭവം നടന്നത്. കൊൽക്കത്തയിലാണ് സി.ഐ.ടി.യു സമരക്കാർ ട്രെയിൻ തടയാൻ ശ്രമിച്ചത്. പണിമുടക്ക് ഉണ്ടെങ്കിലും, സംസ്ഥാനത്ത് ജനജീവിതം സാധാരണ നിലയിൽ തന്നെ തുടരുകയാണ്. രാജ്യത്തെ റെയിൽ ഗതാഗതവും സുഗമമായി നടക്കുകയാണ്. ഇതിനെ തടസ്സപ്പെടുത്തി ജനങ്ങളുടെ സ്വസ്ഥജീവിതത്തെ തടസ്സപ്പെടുത്താൻ ലക്ഷ്യംവെച്ചാണ് സി.ഐ.ടി.യു പ്രവർത്തകർ ട്രെയിൻ തടയാൻ ശ്രമിച്ചത്.
രാവിലെ തങ്ങളുടെ കൊടിയുമായി എത്തിയ പ്രവർത്തകർ ട്രെയിൻ വരുന്നത് കണ്ടതോടെ ട്രാക്കിലേക്ക് ചാടുകയായിരുന്നു. തുടർന്ന് ഇവർ കൊടി വീശി ട്രെയിൻ നിർത്താൻ ആവശ്യപ്പെട്ടു. നേരത്തെ അറിയിപ്പ് ലഭിച്ചതിനാൽ വേഗത കുറച്ചാണ് ട്രെയിൻ സഞ്ചരിച്ചിരുന്നത്. സമരക്കാർ പിന്മാറാൻ തയ്യാറാകാതിരുന്നതോടെയാണ് അവരുടെ ദേഹത്ത് ട്രെയിൻ തട്ടിയത്. മറ്റ് സമരക്കാർ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചു.
Post Your Comments