ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതി വിപുലീകരിക്കുമ്പോൾ കേരളത്തിന്‍റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നവരെയും ഉൾപ്പെടുത്തണമെന്ന് സമരസമിതി. പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ഇത്തവണയെങ്കിലും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് സമിതി പ്രതീക്ഷിക്കുന്നത്.
നിലവിൽ മുല്ലപ്പെരിയാർ മേൽനോട്ട സമിതിയിലുള്ള അംഗങ്ങൾ തീരദേശവാസികളുടെ ആശങ്ക മനസ്സിലാക്കാൻ ശ്രമിക്കുന്നില്ലെന്ന് അവർ പരാതിപ്പെട്ടു. അതുകൊണ്ടാണ് തമിഴ്നാട് കഴിഞ്ഞ മഴക്കാലത്ത് മുന്നറിയിപ്പ് നൽകാതെ അർദ്ധരാത്രിയിൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തി, വൻതോതിൽ വെള്ളം തുറന്നുവിട്ടതെന്ന് സമരക്കാർ നിരീക്ഷിച്ചു.
രാത്രി മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടരുതെന്ന കേരളത്തിന്റെ ആവർത്തിച്ചുള്ള ആവശ്യത്തിൽ സമിതി പ്രതികരിച്ചിരുന്നില്ല. അഡീഷണൽ ചീഫ് സെക്രട്ടറി വി.ജെ കുര്യന് ശേഷം സമിതിയുടെ ഭാഗമായ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ സംസ്ഥാനത്തിന്‍റെ താൽപ്പര്യം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്ന് സമരസമിതി ആരോപിച്ചു. ഷട്ടർ തുറക്കുന്നതിൽ ഉൾപ്പെടെ ഇടപെടാൻ കഴിയുന്ന കേരളത്തെ പിന്തുണയ്ക്കുന്ന, സ്വാതന്ത്ര്യമുള്ള അധികാരപ്പെട്ടവരെ സമിതിയിൽ ഉൾപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. അണക്കെട്ടിന്‍റെ സുരക്ഷക്ക് പ്രാധാന്യം നൽകണമെന്നുള്ള സുപ്രീം കോടതിയുടെ നിർദ്ദേശം പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ബലമേകുമെന്ന് സമരസമിതി കരുതുന്നു.
Post Your Comments