മോസ്‌കോ: ഉക്രൈൻ അധിനിവേശം ഒരു മാസത്തിലധികമായി തുടരുന്നതിനിടെ ഏഴ് റഷ്യൻ ജനറലുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പശ്ചാത്യ പ്രതിരോധ വിദഗദ്ധരാണ് ഇതു സംബന്ധിച്ച സംശയം ഉന്നയിക്കുന്നത്. റഷ്യയുടെ ലെഫ്റ്റനന്റ് ജനറൽ യാക്കോവ് റെസാന്റ്സെവ് (48) ആണ് ഏറ്റവും ഒടുവിൽ കൊല്ലപ്പെട്ടയാൾ. സതേൺ മിലിട്ടറി ഡിസ്ട്രിക്റ്റിന്റെ 49-ാമത് സംയോജിത ആയുധ സേനയുടെ കമാൻഡറായിരുന്നു അദ്ദേഹം.
കീവിലെ ഉൾപ്പെടയുള്ള നീക്കങ്ങൾ ശക്തമായി പ്രതിരോധിച്ച ഉക്രൈന്റെ പ്രത്യേക ഓപ്പറേഷനുകളിലാണ് റഷ്യൻ ഉന്നതർ കൊല്ലപ്പെട്ടതെന്നാണ് സൂചന. പ്രത്യേക പരിശീലനം ലഭിച്ച സ്നൈപ്പർമാർ റഷ്യൻ സൈനിക ക്യാംപുകൾ ആക്രമിച്ചിരുന്നു. ജനറലുകൾ കൊല്ലപ്പെട്ട ഓപ്പറേഷനുകളിൽ പങ്കെടുത്തവർ വിദേശ രാജ്യങ്ങളിൽ പരിശീലനം നേടിയവരെന്നും സൂചനയുണ്ട്. ഉക്രൈന്റെ അഭ്യർത്ഥന പ്രകാരം, നിരവധി രാജ്യങ്ങളിൽ നിന്നായി ഇത്തരത്തിൽ സ്നൈപ്പർമാർ ഉക്രൈനിലെത്തിയിരുന്നു. ഇവരുമായുള്ള യുദ്ധത്തിനിടയാണ് ഏഴോളം ജനറലുകളെ റഷ്യയ്ക്ക് നഷ്ടമായത്.
ലോകത്തിലെ രണ്ടാമത്തെ സൈനിക ശക്തിയാണ് റഷ്യ. താരതമ്യം ചെയ്താൽ എത്രയോ മടങ്ങ് താഴെയാണ് ഉക്രൈന്റെ സൈനിക ബലം. എന്നാൽ, പാശ്ചാത്യ രാജ്യങ്ങളെ പോലും അമ്പരപ്പിക്കുന്ന പ്രതിരോധമാണ് ഉക്രൈൻ ഇപ്പോൾ നടത്തുന്നത്. അധിനിവേശം തുടങ്ങുന്നതിന് മുൻപ് റഷ്യൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ഉക്രൈനെ നിസാരക്കാരാക്കി കാണിച്ചിരുന്നു. രഹസ്യാന്വേഷണ റിപ്പോർട്ടിനെ വിശ്വസിച്ചാണ് പുടിന് പറ്റിയ അബന്ധം. തുടർച്ചയായ തിരിച്ചടികൾക്ക് പിന്നാലെ, സൈനിക നേതൃത്വത്തിനെതിരെ ശക്തമായ നീക്കവുമായി പുടിൻ രംഗത്തുവന്നിരുന്നു.
ജനറൽ വൈസ്‌ളാവ് യെർഷോവിനെ ഉൾപ്പെടെ പത്തോളം പേരെ പുറത്താക്കിയ ഉത്തരവ് പുടിൻ പുറപ്പെടുവിച്ചു. നിലവിൽ 1300 സൈനികർ കൊല്ലപ്പെട്ടുവെന്ന് മാത്രമാണ് റഷ്യ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ, ഇതിനെക്കാൾ പതിന്മടങ്ങ് പേരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രതിരോധ വിദഗ്ധരുടെ നിഗമനം.
Post Your Comments