മുംബൈ: ഐപിഎൽ 15-ാം സീസണിൽ മത്സരങ്ങൾ മുംബൈ, പുനെ നഗരങ്ങളിൽ നടക്കുന്നത് ടീമിന് മുൻതൂക്കം നൽകുന്നില്ലെന്ന് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. 80 ശതമാനം പേരും പുതിയ താരങ്ങളാണെന്നും രണ്ട് വർഷമായി ഞങ്ങൾ ഹോം ഗ്രൗണ്ടിൽ കളിച്ചിട്ടില്ലെന്നും രോഹിത് പറഞ്ഞു. പരിക്കേറ്റ് ചികിത്സയിലുള്ള സൂര്യകുമാർ യാദവ് ആദ്യ മത്സരത്തിനുണ്ടാകില്ലെന്ന സൂചനയും രോഹിത് നൽകി.
‘ഇതൊരു പുതിയ ടീമാണ്. 70-80% പേരും പുതിയവരാണ്. രണ്ട് വർഷമായി ഞങ്ങൾ ഇവിടെ കളിച്ചിട്ടില്ല. മറ്റ് ടീമുകൾ കഴിഞ്ഞ വർഷം ഇവിടെ കളിച്ചിട്ടുണ്ട്. മുൻതൂക്കമുണ്ടെന്ന് കരുതുന്നില്ല. സൂര്യകുമാർ ഇപ്പോൾ എൻസിഎയിലാണ്. ആദ്യ മത്സരത്തിൽ കളിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ല. ഇഷാൻ കിഷനൊപ്പം താന്‍ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും’.
‘മെഗാതാരലേലത്തിന് ശേഷം ടീമിലെത്തിയ ഭൂരിഭാഗം താരങ്ങൾക്കും മുംബൈയിൽ കളിച്ച് പരിചയമില്ല. ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ചികിത്സയിലുള്ള സൂര്യകുമാർ യാദവിന്‍റെ പരിക്കാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നം. പരിക്ക് പൂർണമായി ഭേദമായിട്ടില്ല’ രോഹിത് പറഞ്ഞു.
ഇന്ത്യൻ ക്യാപ്റ്റനായ ശേഷം രോഹിത് ശർമയുടെ ആദ്യ ഐപിഎൽ സീസണാണിത്. മത്സരങ്ങളെല്ലാം മുംബൈയിലും പുനെയിലുമായാണ് നടക്കുന്നത്. രണ്ട് വർഷത്തിന് ശേഷം ഹോം ഗ്രൗണ്ടായ വാങ്കഡെയിൽ തിരിച്ചെത്തുമ്പോഴും അമിത ആത്മവിശ്വാസം ക്യാപ്റ്റന്‍റെ വാക്കുകളിലില്ല. ഞായറാഴ്ച ഡൽഹി ക്യാപ്പിറ്റൽസിനെതിരായാണ് സീസണിൽ മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യ മത്സരം.
Post Your Comments