ബെംഗളൂരു: വൈവാഹിക പീഡനത്തിനെതിരെ ശക്തമായ നിലപാടുമായി കർണാടക ഹൈക്കോടതി. സ്ത്രീകൾ ലൈംഗിക അടിമകളല്ലെന്നും ഒരാളുടെ മൃഗീയവാസന പുറത്തെടുക്കാനുള്ള ലൈസൻസല്ല വിവാഹമെന്നും ഹൈക്കോടതി പറഞ്ഞു. ഇത് എല്ലാവരും മനസ്സിലാക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.
ഭര്‍ത്താവാണെങ്കിലും ഭാര്യയുടെ സമ്മതത്തിന് വിരുദ്ധമായി അവരെ ലൈംഗികമായി പീഡിപ്പിക്കുന്ന ക്രൂരമായ പ്രവൃത്തിയെ ബലാത്സംഗമെന്നല്ലാതെ വിശേഷിപ്പിക്കാനാവില്ലെന്നും സെഷൻസ് കോടതി വിധിക്കെതിരെ ഭർത്താവ് നൽകിയ ഹർജിയിൽ ഹൈക്കോടതി പരാമർശിച്ചു. ഭർത്താവ് നടത്തുന്ന പീഡനത്തിന് ഭാര്യയെ തളർത്താൻ സാധിക്കുമെന്നും അതിന് മനഃശാസ്ത്രപരമായും മാനസികമായും പല മാനങ്ങളുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
‘പീഡനം ചെയ്തവർക്കെതിരെ കേസെടുക്കുമ്പോൾ പരാതിക്കാരിയുടെ ഭർത്താവാണെന്ന വാദം കോടതിയിൽ നിലനിൽക്കില്ല. പുരുഷന് സ്ത്രീകൾക്കെതിരെ എന്തും ചെയ്യാമെന്ന സ്വാതന്ത്ര്യം ചാർത്തിത്തരാനല്ല വിവാഹം കഴിക്കേണ്ടത്. പങ്കാളിയുടെ സമ്മതമില്ലാതെ ഭർത്താവ് ലൈംഗികമായി ഉപദ്രവിച്ചത് ഗാർഹിക പീഡനത്തിന്റെയും ബലാത്സംഗത്തിന്റെയും പരിധിയിൽ വരും’ കോടതി ചൂണ്ടിക്കാണിച്ചു.
Post Your Comments