KeralaCinemaMollywoodLatest NewsNewsEntertainment

ദുൽഖറിന് വിലക്കില്ല, ഫാൻസ്‌ ഷോകൾ നിരോധിക്കില്ല: ഫിയോക്കിനെതിരെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍

കൊച്ചി: ദുൽഖർ സൽമാനെ വിലക്കിയതടക്കമുള്ള ഫിയോക്കിന്റെ തീരുമാനം തള്ളി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ രംഗത്ത്. നടൻ ദുൽഖർ സൽമാനെയും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിനെയും വിലക്കില്ലെന്നും താരത്തിന്റെ സിനിമകൾ സംഘടനയ്ക്ക് കീഴിലുള്ള തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ഫാൻസ്‌ ഷോകൾക്ക് നിരോധനം ഏർപ്പെടുത്തില്ലെന്നും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പ്രസിഡന്റ് രാംദാസ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഫാൻസ്‌ അസോസിയേഷൻ സിനിമാ വ്യവസായത്തിന്റെ ഭാഗമായതിനാൽ, ഫാൻസ്‌ ഷോകൾ നടത്തുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഒ.ടി.ടിയിൽ റിലീസ് ചെയ്ത സിനിമകൾ വീണ്ടും തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുമതി ഉണ്ടാകില്ലെന്നും രാംദാസ് വ്യക്തമാക്കി. ദിലീപ്, ആന്റണി പെരുമ്പാവൂർ എന്നിവരുമായി തങ്ങൾക്ക് യാതൊരു അകൽച്ചയുമില്ല. ഇരുവരെയും സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. ഫിയോക്കിൽ നിന്നും പലരും തിരിച്ചു വരുന്ന സാഹചര്യമാണ് ഉള്ളതെന്നും സംഘടന വ്യക്തമാക്കി.

അതേസമയം, ദിലീപ്, ആന്റണി പെരുമ്പാവൂർ എന്നിവരെ ഫിയോക്ക് പുറത്താക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. മരക്കാര്‍ സിനിമയുമായി ബന്ധപ്പെട്ടുയര്‍ന്ന ഒടിടി റിലീസ് വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ഒക്ടോബറില്‍ ഫിയോക്കില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ രാജിവെക്കുന്നതായി അറിയിച്ചിരുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഫിയോക് ചെയര്‍മാന്‍ കൂടിയായ നടന്‍ ദിലീപിന് ആന്റണി പെരുമ്പാവൂര്‍ അന്ന് രാജി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button